ഡിജിറ്റല്‍ റീ സര്‍വേയുടെ മൂന്നാംഘട്ടത്തിന് തുടക്കം 

സംസ്ഥാനത്തെ രണ്ടാം ഭൂപരിഷ്‌കരണമായി ഡിജിറ്റല്‍ റീ സര്‍വേ മാറുന്ന ഘട്ടമാണ് വരുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ സര്‍വേ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചാത്തന്നൂര്‍ ചിറക്കരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭൂവിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുന്ന നാടായി കേരളത്തെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കും. ഭൂരേഖകളുടെ അവസാനത്തെ സെറ്റില്‍മെന്റ്  ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പാക്കുന്നതിനായി നിയമസഭ  സെറ്റില്‍മെന്റ് ആക്ടുണ്ടാക്കി പ്രഖ്യാപിക്കാന്‍ പോകുകയാണ്.

വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ‘എന്റെ ഭൂമി’ എന്ന പേരില്‍ സംയോജിത പോര്‍ട്ടല്‍ തയാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന അപൂര്‍വ ബഹുമതിയിലേക്ക് കൂടി കേരളം കടക്കുന്നു. ലോകത്തോടൊപ്പം കേരളം നടക്കുന്ന നാളുകളാണിത്. പരാതിരഹിതമായ ഡിജിറ്റല്‍ റീസര്‍വേ സംവിധാനം നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ ഭൂരേഖകള്‍ക്ക് അന്തിമ തീരുമാനമുണ്ടാകും.

ആരുടെയെങ്കിലും ഭൂമിയുടെ അതിര് നിഷ്പ്രയാസം മാറ്റാമെന്ന ധാരണ പൊളിക്കുകയാണ് കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വേ. ഭൂമി അളന്നു തിട്ടപ്പെടുത്തി റവന്യൂ രേഖകളുടെ ഭാഗമായി മാറിയാല്‍ ഒരു ഡിജിറ്റല്‍ വേലി അതിര്‍ത്തിക്ക് പുറത്ത് രൂപീകരിക്കപ്പെടുകയാണെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. സര്‍വേയും ഭൂരേഖയയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു പദ്ധതി വിശദീകരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *