കേരളത്തില്‍ വൈദ്യുതി ഉപഭോഗം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു

സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം 2022 ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഇത്തവണ ഏപ്രിൽ പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോവുകയാണ്.

ഏപ്രിൽ 13 ന് ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. 13ന് വൈദ്യുതി ഉപഭോഗം 100.30 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും ആയി. രണ്ടും സര്‍വ്വകാല റെക്കോര്‍ഡ് ആണ്. വൈദ്യുതി ആവശ്യകത ഏപ്രില്‍, മേയ് മാസങ്ങളില്‍ യഥാക്രമം 4700 മെഗാവാട്ട്, 4600 മെഗാവാട്ട് എന്നിങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുള്ള ആസൂത്രണമാണ് നടത്തിയത്. ഇപ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് വൈദ്യുതി ആവശ്യകത കൂടിയിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

ഏകദേശം എട്ട് ശതമാനത്തോളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപയോഗവും, 12 ശതമാനത്തോളം കൂടിയ വൈദ്യുതി ആവശ്യകതയില്‍ വര്‍ധനവ് വന്നിട്ടും വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ തന്നെ മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈകുന്നേരം ആറു മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നൽകി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി മറികടക്കുന്നത് ബുദ്ധിമുട്ടാകും. എന്നാൽ ഉപഭോക്താക്കൾ മനസ്സുവെച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുമെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം അറു മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും വൈദ്യുതി ദുരുപയോഗം ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *