ഇൻഫോപാർക്കിൽ വേള്‍ഡ് ട്രേഡ് സെന്റർ മൂന്നാം ടവര്‍ വരുന്നു
കൊച്ചി ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റർ മൂന്നാം കെട്ടിട സമുച്ചയം വരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും പാർക്ക് ഫേസ് ഒന്നിൽ സജ്ജീകരിക്കുന്ന ടവറിന്റെ കെട്ടിട നിർമാണത്തിനായുള്ള കരാറില്‍ ഒപ്പിട്ടു.
ബെംഗളുരു ആസ്ഥാനമായ കെട്ടിട നിര്‍മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്ററുമായി സഹകരിച്ചാണ് മൂന്നാമത്തെ ടവര്‍ പണിയുന്നത്.1.55 ഏക്കര്‍ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബില്‍ട്ടപ് സ്ഥലം പുതിയ ഓഫീസുകള്‍ക്കായി ലഭിക്കും. ഇതിലൂടെ 2700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
ആറ് നിലകളിലെ കാര്‍ പാര്‍ക്കിംഗ് അടക്കം പതിനാറ് നിലകളായാണ് മൂന്നാമത്തെ ടവര്‍ വരുന്നത്. മൂന്നു വര്‍ഷം കൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. സെസ് ഇതര സ്ഥലത്താണ് കെട്ടിടം വരുന്നത്.150 കോടി രൂപ നിക്ഷേപമാണ് ഇതിലൂടെ നടക്കുന്നത്.
നിലവില്‍ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ പദ്ധതിയില്‍ രണ്ട് ടവറുകളാണ് ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നില്‍ പ്രവര്‍ത്തിക്കുന്നത്. മൊത്തം 7,70,000 ചതുരശ്രയടി ബില്‍ട്ടപ് സ്ഥലമുള്ള കെട്ടിടങ്ങള്‍ പൂര്‍ണമായും വിവിധ കമ്പനികള്‍ പാട്ടത്തിനെടുത്തു കഴിഞ്ഞു.
ബഹുരാഷ്ട്ര കമ്പനികളായ കെ.പി.എം.ജി, ഐ.ബി.എം, യു.എസ്.ടി, സെറോക്സ്, ജി10എക്സ്, മൈന്‍ഡ് കര്‍വ്, വില്യംസ് ലീ, ആസ്പയര്‍ ഉള്‍പ്പെടെ 37 കമ്പനികളിലായി 8000 ത്തിലധികം ജീവനക്കാര്‍ എ, ബി ടവറുകളിലായി ജോലി ചെയ്തു വരുന്നുണ്ട്.
ഇന്‍ഫോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍- 3 വരുന്നതോടെ കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും വര്‍ദ്ധിക്കും. കൂടാതെ, തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ്-1ല്‍ ബ്രിഗേഡ് സ്ക്വയറും സജ്ജമാവുകയാണ്.
അറിവും സാങ്കേതിക നൈപുണിയുമുള്ള അന്താരാഷ്ട്ര ഐ.ടി ഹബ്ബായി കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ നടത്തിവരുന്ന ഇടപെടലുകൾക്ക് ശക്തി പകരുന്നതാണ് ബ്രിഗേഡ് ഗ്രൂപ്പിന്റെ പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയമെന്ന് മുഖ്യമന്ത്രി അറിയിച്ചു.