കേരളത്തിലെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി കാസർകോട്ട്
കാസർകോട് മൈലാട്ടി 220 കെ.വി. സബ്‌സ്റ്റേഷൻ പരിസരത്ത്
സംസ്ഥാനത്തെ ആദ്യ ‘ബെസ്സ്’പദ്ധതി നടപ്പാക്കുന്നു. പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ച് വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് BESS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം.
ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കി പരിചയമുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബി. ഈ പദ്ധതി നടപ്പാക്കുന്നത്. നാല് മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന സവിശേഷതയും ഉണ്ട്.
സംസ്ഥാനത്തിനോ കെ.എസ്.ഇ. ബിക്കോ പ്രാരംഭ മുതൽമുടക്കില്ല എന്നതാണ് ഇതിൻ്റെ മറ്റൊരു സവിശേഷത. പദ്ധതി നടപ്പാക്കുന്നതിന്റെ കരാർ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ.എസ്.ഇ.ബി. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കൈമാറി.