ഈ യന്ത്രം കവുങ്ങിൽ കയറി അടക്ക പറിക്കും, മരുന്നും തളിക്കും
കവുങ്ങിൽ കയറാനും അടക്ക പറിക്കാനും മരുന്നു തളിക്കാനുമൊന്നും ഇനി ആളു വേണ്ട. രണ്ടിനും പറ്റിയ ചെലവു കുറഞ്ഞ ഒറ്റ യന്ത്രമിതാ – ‘ വണ്ടർക്ലൈമ്പർ ‘. ഒരാൾ കവുങ്ങിൽ കയറി അടക്ക പറിക്കുന്ന വേഗത്തിൽ യന്ത്രവും കയറി ഇറങ്ങും. അടക്ക താഴെ ചിതറി വീഴില്ല.
യന്ത്രം കുലയോടെ ഇത് താഴെയെത്തിക്കും. ബാറ്ററിയോ ഇന്ധനമോ ഒന്നും ആവശ്യമില്ല. കൈ കൊണ്ട് പ്രവർത്തിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കോഴിക്കോട്ടെ പ്രകാടെക് എന്ന കമ്പനിയാണ് യന്ത്രം പുറത്തിറക്കിയിരിക്കുന്നത്. കപ്പിയും കയറും സംവിധാനത്തിലാണ് യന്ത്രം കവുങ്ങിൽ കയറി ഇറങ്ങുക. കപ്പി ഉറപ്പിച്ച ഭാഗവും ഇത് കവുങ്ങിൽ ഘടിപ്പിക്കാനുള്ള രണ്ട് റിങ്ങുകളും V ആകൃതിയിലുള്ള കത്തിയും കുല താങ്ങിയും കയറും അടങ്ങിയതാണ് യന്ത്രം.
പാക്കറ്റിൽ ലഭിക്കുന്ന യന്ത്രം യോജിപ്പിച്ച് കയർ കെട്ടി കവുങ്ങിൽ ഘടിപ്പിക്കുക. വണ്ണം കൂടിയ കയർ വലിച്ചാൽ യന്ത്രം മുകളിലേക്ക് കയറും. കത്തിയുടെ അറ്റം അടക്കാ കുലയ്ക്ക് ആറിഞ്ച് താഴെയെത്തി പിന്നീട് കയർ ശക്തിയായി വലിച്ചാൽ കത്തി കുലയിൽ തട്ടി കുല മുറിയും. ഇത് താഴെ വീഴാതെ തൊട്ടടുത്തുള്ള V ക്ലാമ്പിൽ തങ്ങി നിൽക്കുകയും ചെയ്യും. വണ്ണം കുറഞ്ഞ കയർ വലിച്ചാൽ കുലയുമായി യന്ത്രം താഴെയിറങ്ങും. മറ്റൊരു കുല പറിക്കണമെങ്കിൽ ചെറിയ കയർ വലിച്ച് യന്ത്രത്തെ ആ ദിശയിൽ തിരിച്ച് വീണ്ടും കവുങ്ങിൽ കയറ്റാം. മരുന്ന് തളിക്കാനും ഈ യന്ത്രം ഉപയോഗിക്കാം. അതിനുള്ള പ്രത്യേക ഭാഗംഘടിപ്പിച്ചിട്ടുണ്ട്. ഇത് മരുന്ന് പമ്പുമായി ഘടിപ്പിച്ചാൽ മതി. അടക്ക പറിക്കുന്ന യന്ത്രത്തിന് 8250 രൂപയും മരുന്നു തളിക്കാൻ കൂടി പറ്റുന്നതിന് 9000 രൂപയുമാണ് ഇപ്പോഴത്തെ വില. കയർ ഒഴികെയുള്ള വിലയാണിത്. ആറര കിലോയാണ് ഭാരം.
ഇത് കുറിയർ സർവ്വീസ് വഴി എവിടെയും എത്തിച്ചു നൽകുന്നുണ്ടെന്ന് യന്ത്രം കണ്ടു പിടിച്ച പ്രകാശൻ തട്ടാരി പറഞ്ഞു. യന്ത്രം നിർമ്മിക്കുന്ന പ്രകാടെക് വർക്ക്ഷോപ്പും വില്പനകേന്ദ്രവും കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള മായനാട് യു .പി സ്ക്കൂളിനടുത്ത് പ്രവർത്തിക്കുന്നുണ്ട്. സെയിൽസ് ടാക്സ് ഓഫീസറായി വിരമിച്ച പ്രകാശൻ 2012 ലാണ് ഈ യന്ത്രം നിർമ്മിച്ചത്. കേരളത്തിലും കർണ്ണാടകത്തിലുമായി ഇതുവരെ 3500 യന്ത്രങ്ങൾ വിറ്റതായി പ്രകാശൻ പറയുന്നു. ( പ്രകാശൻ തട്ടാരി – ഫോൺ- 9745442419 prakatech.com )