അഡെസ്സോ കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം വിപുലീകരിച്ചു
കൊച്ചി ഇൻഫോപാർക്കിൽ വലിയ ഓഫീസുമായി ആഗോള ഐ.ടി സർവീസ് പ്രൊവൈഡർ കമ്പനി അഡെസ്സോ പ്രവർത്തനം വിപുലീകരിച്ചു. മൂന്ന് വർഷത്തിനുള്ളിൽ 1000 പേർക്ക് കൂടി തൊഴിൽ നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
ലോകമാകെ അൻപതിലധികം കേന്ദ്രങ്ങളിലായി പതിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന ഈ ജർമ്മൻ കമ്പനി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനകമാണ് വിപുലീകരണം നടത്തിയിരിക്കുന്നത്.
കൊച്ചിയിലെ അഡെസ്സോ ഓഫീസ് കമ്പനിയുടെ സി.ഇ.ഒ മാർക്ലോ വെബെർ ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച ടാലൻ്റുകളെ തെരഞ്ഞെടുത്ത് ടെക് ലോകത്ത് കൊച്ചിയുടെ വളർച്ചയിൽ അഡെസ്സോ പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
100 പേരുമായി പ്രവർത്തനം ആരംഭിച്ച് 2500 കടന്നു മുന്നോട്ടുപോകുന്ന ഐ.ബി.എം, 35 പേരുമായി പ്രവർത്തനം ആരംഭിച്ച് 1400 കടന്നു മുന്നോട്ടുപോകുന്ന സ്ട്രാഡ ഗ്ലോബൽ തുടങ്ങി കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെല്ലാം ഇവിടെത്തന്നെ വലിയ ഓഫീസുകൾ തുറക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.