ജലഗുണനിലവാര പരിശോധന ലാബുകൾ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്ട് നാല് സ്ക്കൂളുകളിലെ ജല ഗുണനിലവാര പരിശോധനാ ലാബുകൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സ്കൂളുകളിൽ സ്ഥാപിച്ച ലാബുകളുടെ ഉദ്ഘാടനമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചത്. വിദ്യാർത്ഥികളിൽ ജലസംരക്ഷണത്തിലുള്ള അവബോധം വളർത്തുന്ന ഹരിത കേരളം മിഷൻ്റെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഹയർ സെക്കണ്ടറി സ്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താാഭിമുഖ്യത്തിലാണ് പദ്ധതി. എം.എൽ.എ മാരുടെ പ്രത്യേക വികസന നിധിയിൽ നിന്നുള്ള തുക ചെലവഴിച്ചാണ് ലാബുകൾ സ്ഥാപിക്കുന്നത്. ജില്ലയിൽ നിലവിൽ ബേപ്പൂർ, കോഴിക്കോട്
സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി എന്നീ നാല് മണ്ഡലങ്ങളിലായി 12 ലാബുകളുടെ നിർമ്മാണം പൂർത്തിയായി. ഇതോടൊപ്പം തിരുവമ്പാടി മണ്ഡലത്തിൽ രണ്ട് സ്കൂൾ, ബാലുശ്ശേരി മണ്ഡലത്തിൽ അഞ്ച്, പേരാമ്പ്ര മണ്ഡലത്തിൽ പത്ത് സ്കൂൾ എന്നിവിടങ്ങളിലും ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇവ കൂടി പൂർത്തിയാകുമ്പോൾ ജില്ലയിൽ ആകെ 29 ജല ഗുണനിലവാര പരിശോധനാ ലാബുകൾ സജ്ജമാകും. ജി.എച്ച് എസ്സ് എസ്സ് മെഡിക്കൽ കോളേജ് ക്യാമ്പസ്, ജി.എച്ച് എസ്സ് എസ്സ് കുറ്റിച്ചിറ, ജി.എച്ച് എസ്സ് എസ്സ് ആഴ്ചവട്ടം, ജി.വി.എച്ച് എസ്സ് എസ്സ് മീഞ്ചന്ത
എന്നീ സ്കൂളുകളിലാണ് ലാബ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. സ്കൂൾ ക്യാമ്പസിലെ കിണർ വെള്ളത്തിൻ്റെ പരിശോധന റിപ്പോർട്ട് മന്ത്രി സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.