കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലകൾക്ക് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിൻ്റെ തീരദേശങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യത.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)  തീരങ്ങളിൽ മെയ് 24 ന് രാവിലെ 8.30 വരെ 1.3 മീറ്റർ മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ രൂപപ്പെട്ടേക്കാം. ഇതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മെയ് 24 രാത്രി 8.30 മുതൽ 25 രാത്രി 8.30 വരെ കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു.

റെഡ് അലേർട്ട്

മെയ് 25 പകൽ 11.30 മുതൽ രാത്രി 8.30 വരെ: കണ്ണൂർ-കാസർകോട് (വളപട്ടണം മുതൽ ന്യൂമാഹി വരെ, കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ  3.2 മുതൽ 4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്

തിരുവനന്തപുരം: കാപ്പിൽ  മുതൽ പൂവാർ വരെ കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ  എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 24 ന് രാവിലെ 05.30 വരെ 1.4  മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *