മിന്നും വിജയത്തിന് കിട്ടിയ ആ നൂറു രൂപ

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയരക്ടർ ജനറലായി വിരമിച്ച  പി.വി സുകുമാരൻ സപ്തതി നിറവില്‍ .കഠിനാധ്വാനവും അർപ്പണ മനോഭാവവും ഉണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാമെന്ന പാഠമാണ് പി വി സുകുമാരൻ എന്ന വിഖ്യാത ഭൗമ ശാസ്ത്രജ്ഞൻ  പകർന്ന് നൽകുന്നത്.
പ്രൊഫ. വി.ഗോപിനാഥൻ

കാസർകോട് ജില്ലയിലെ മുന്നാട് എന്ന ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയരക്ടർ ജനറൽ വരെയായ പി.വി.സുകുമാരന്  എഴുപതിന്റെ ധന്യത. പത്ത് വർഷം മുമ്പ് വിരമിച്ച ഇദ്ദേഹം മംഗലാപുരത്താണ് താമസിക്കുന്നത്. ഇന്നും കർമ്മനിരതനായ സുകുമാരന്റെ ജീവിതം പുതിയ തലമുറയ്ക്ക് ആവേശം പകർന്നു കൊണ്ടേയിരിക്കുന്നു.പ്രഗത്ഭ ഭൗമ ശാസ്ത്രജ്ഞൻ എന്ന നിലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ഭൂഗർഭ ശാസ്ത്ര ശാഖയ്ക്ക്  നൂതന അറിവുകൾ പകർന്നു നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഈ കാല ഘട്ടത്തിൽ അറബിക്കടലിൽ നടത്തിയ  പര്യവേഷണങ്ങളിൽ ഇദ്ദേഹത്തിന്റെ പങ്ക്  വലുതാണ്.  കർഷകരായ മാണിയമ്മയുടേയും  പി.വി അമ്പുവിന്റേയും ഏഴ് മക്കളിൽ നാലാമനാണ് സുകുമാരൻ.

1962 ൽ മുന്നാട് എ. യു. പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ഇരിയണ്ണി സർക്കാർ ഹൈസ്കൂളിൽ ചേർന്നു. റോഡ് മാർഗങ്ങളൊന്നും ഇല്ലാതിരുന്ന ആ  കാലഘട്ടത്തിൽ നിബിഡമായ വനത്തിലൂടെ കിലോമീറ്ററുകൾ നടന്നും പ്രക്ഷുബ്ദമായ പയസ്വിനി പുഴ കടന്നുമായിരുന്നു സുകുമാരൻ ഇരിയണ്ണി സർക്കാർ ഹൈസ്കൂളിൽ എത്തിയിരുന്നത്. ഒരുപാട് വേദനകളും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം. അവിടെ നിന്ന് 1965 ൽ ഫസ്റ്റ് ക്ലാസോടുകൂടി, സ്ക്കൂളിൽ ഒന്നാമനായി പാസായി. നാടിനും നാട്ടുകാർക്കും അഭിമാനിക്കാൻ വക നൽകുന്ന സുകുമാരന്റെ മിന്നും വിജയത്തെ തേടി മുളിയാർ പഞ്ചായത്തിന്റെ ആദരവുമെത്തി നൂറ് രൂപ രൂപത്തിൽ. അന്നത്തെ കാലഘട്ടത്തിൽ നൂറ് രൂപയ്ക്കുണ്ടായിരുന്ന മൂല്യവും ആ ആദരവ്  ജീവിതത്തിലുണ്ടാക്കിയ ചലനവും ഇന്നും സുകുമാരൻ ഓർക്കുന്നു.   തുടർന്ന് പ്രീ ഡിഗ്രി പഠനത്തിനായി കാസർകോട് ഗവൺമെന്റ് കോളേജിൽ ചേരുകയും1967ൽ ഉയർന്ന മാർക്കോടെ പ്രീ ഡിഗ്രി പാസാകുകയും ചെയ്തു. പ്രീ ഡിഗ്രി പാസായ സുകുമാരൻ അന്ന് കേരള സർവ്വകലാശാലയുടെ ഭാഗമായിരുന്ന അതേ കോളേജിൽ തന്നെ ഭൂഗർഭശാസ്ത്രം ഐശ്ചിക വിഷയമായെടുത്ത് ബിരുദ പഠനത്തിനായി ചേർന്നു. 1970 ൽ ഒന്നാം റാങ്കോടു കൂടി ഭൂഗർഭശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ച സുകുമാരനെ തേടിയെത്തിയത് മികച്ച വിദ്യാർത്ഥിക്കുള്ള  സ്വർണമെഡലായിരുന്നു. അന്നത്തെ കേരള ഗവർണർ വി.വിശ്വനാഥനിൽ നിന്നും സ്വർണമെഡൽ ഏറ്റുവാങ്ങിയത് സുകുമാരൻ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മനസ്സിൽ സൂക്ഷിക്കുന്നു. ഭൂഗർഭശാസ്ത്രത്തെ കുറിച്ചോ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചോ വലിയ അറിവൊന്നും പ്രചാരത്തിലില്ലാതിരുന്നിട്ടും ബിരുദാനന്തര ബിരുദം നേടണമെന്നും അറിയപ്പെടുന്ന ഒരു ജിയോളജിസ്റ്റാകണമെന്നുമുള്ള ആഗ്രഹവവുമായി മധ്യ പ്രദേശിലെ സാഗർ സർവ്വകലാശാലയിൽ 1970 ൽ എം ടെക്കിന് പ്രവേശനം നേടി. അന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  സർവകലാശാലയായിരുന്നു ഇന്ന് സർ ഹരി സിംഗ് ഗൗർ സർവ്വകലാശാല എന്നറിയപ്പെടുന്ന സാഗർ സർവകലാശാല. മികച്ച ഭൗമ ശാസ്ത്രജ്ഞനിലേക്കുള്ള പി. .വി സുകുമാരന്റെ വളർച്ചയുടെ നാഴികകല്ലായിരുന്നുസാഗർസർവ്വകലാശാല. 

സുകുമാരൻ ഭൗമ നിരീക്ഷണത്തിൽ

 ഡോ ഡബ്ല്യു ഡി വെസ്റ്റ് എന്ന ലോകപ്രശസ്ത ബ്രിട്ടീഷ് ജിയോളജിസ്റ്റായിരുന്നു അന്ന് സാഗർ സർവ്വകലാശാലയുടെ തലവൻ. അദ്ദേഹം സുകുമാരന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വിവരണാതീതമാണ്. മൂന്ന് വർഷത്തെ പഠനത്തിനു ശേഷം 1973 ൽ സുകുമാരൻ സാഗർ സർവകലാശാലയിൽ നിന്ന് ഡിസ്റ്റിംഗ്ഷനോടുകൂടി, രണ്ടാമനായി എം ടെക്ക് പഠനം പൂർത്തിയാക്കി.അതേ വർഷം തന്നെ യു. പി. എസ്. സി .നടത്തിയ അഖിലേന്ത്യാ ജിയോളജിസ്റ്റ് പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ പെട്രോളിയം, ധാതുക്കൾ തുടങ്ങി ഭൗമ സംബന്ധമായ പര്യവേഷണങ്ങൾ നടത്തുന്ന ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയിൽ  സേവനമനുഷ്ഠിക്കുക എന്നത് സുകുമാരന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു.     പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സുകുമാരൻ നേടിയ നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാനും സന്തോഷം പങ്കിടാനും ആരും മുന്നോട്ട് വന്നില്ലെന്ന വേദന ഇന്നും അദ്ദേഹം ഏറെ വിഷമത്തോടെ മനസിൽ കൊണ്ടു നടക്കുന്നു.   

  അങ്ങനെ 1974 ൽ അദ്ദേഹം ജി.എസ്.ഐയുടെ യുടെ  തിരുവനന്തപുരം ഓഫീസിൽ ഭൂഗർഭശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. അതോടൊപ്പം തന്നെ കുറച്ച് കാലം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. തുടർന്നങ്ങോട്ട്  ഹൈദരാബാദ്, ഷില്ലോങ്ങ്, പൂന, നാഗ്പൂർ, മംഗലാപുരം തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂഗർഭശാസ്ത്രജ്ഞനായി കർമ്മനിരതനാവുകയായിരുന്നു. 2009 മെയിൽ മംഗലാപുരം ജി.എസ്.ഐയിൽ ഡെപ്യൂട്ടി ഡയരക്ടർ ജനറലായും  മറൈൻ കോസ്റ്റൽ സർവെയുടെ തലവനായും നിയമിക്കപ്പെട്ടു.  ഈ തസ്തികയിലിരിക്കെ 2010 ഏപ്രിലിൽ 36 വർഷത്തെ സേവനത്തിനു ശേഷം  സർവീസിൽ നിന്നും വിരമിച്ചു.

ലേഖകൻ പൊന്നാട അണിയിക്കുന്നു.

പൂനെയിലെ അക്കാദമിക് കൗൺസിൽ ഓഫ് ജിയോളജിയിൽ അംഗമായും ഏറെക്കാലം പ്രവർത്തിച്ചിരുന്നു. നിരവധി ജേർണലുകളിലും പ്രസിദ്ധീകരണങ്ങളിലും ഗവേഷണക്കുറിപ്പുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. യു.പി.എസ്.സിയുടെ ജി.എസ്.ഐ റിക്രൂട്ട്മെന്റ് ബോർഡംഗം എന്ന നിലയിലും പ്രവർത്തിക്കാൻ ഈ ഭൗമ ശാസ്ത്രജ്ഞന് അവസരം ലഭിച്ചിട്ടുണ്ട്.     സർവ്വീസിൽ നിന്നും പിരിഞ്ഞിട്ടും താൻ കഷ്ടപ്പെട്ട് നേടിയ അറിവ് വരും തലമുറയ്ക്കായി പകർന്നു നൽകാൻ രാജ്യത്തെ വിവിധ സർവകലാശാലകളിലും കോളേജുകളിലും അധ്യാപകനായി ക്ലാസുകൾ കൈകാര്യം ചെയ്തു കൊണ്ടേയിരിക്കുന്നു ഈ മുന്നാടുകാരൻ. ഭൗമ ശാസ്ത്രത്തെ ഒരു ജനകീയ ശാസ്ത്രശാഖയായി മാറ്റാൻ സദാ കർമ്മനിരതനായ പി വി സുകുമാരന്റെ ജീവിതം പുതിയ തലമുറയ്ക്ക് ആവേശം പകർന്നു കൊണ്ടേയിരിക്കുന്നു. കഠിനാധ്വാനവും അർപ്പണ മനോഭാവവും ഉണ്ടെങ്കിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി ഉയരങ്ങൾ കീഴടക്കാമെന്ന പാഠമാണ് പി വി സുകുമാരൻ എന്ന വിഖ്യാത ഭൗമ ശാസ്ത്രജ്ഞൻ  പകർന്ന് നൽകുന്നത്.

(കാസർകോട് ഗവ.കോളേജ് ജിയോളജി വകുപ്പ് തലവനും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടറുമായിരുന്നു ലേഖകൻ )

Leave a Reply

Your email address will not be published. Required fields are marked *