സൂര്യാഘാതം: ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണമെന്നും മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽസമയത്ത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം ഒ.ആർ.എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം വർധിപ്പിക്കണം.
മുതിർന്നവർ, കുട്ടികൾ, ഗർഭിണികൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പകൽ 11 മണി മുതൽ മൂന്നു മണി വരെ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ള ലഭ്യതയും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും വിനോദയാത്രകളും ഒഴിവാക്കേണ്ടതാണ്.




















