കേരള ശാസ്ത്ര കോണ്‍ഗ്രസ്സ്: സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നടത്തി

കേരളത്തിലെ സംരംഭകത്വ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 37-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിൽ
സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്’ സംഘടിപ്പിച്ചു. പുതിയ സംരംഭങ്ങള്‍, ഗവേഷണ അധിഷ്ഠിത സംരംഭകത്വം, ഇന്‍ക്യുബേഷന്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്ര ചര്‍ച്ചകളും സംവാദങ്ങളും നടന്നു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റും തമ്മിലുള്ള സാങ്കേതിക സഹകരണ കരാര്‍ കൈമാറ്റം നടന്നു. തുടർന്ന് ഗവേഷണ അധിഷ്ഠിത സംരംഭകാന്തരീക്ഷം പാനല്‍ ചര്‍ച്ച ശ്രദ്ധേയമായി.

‘കേരളത്തിലെ ഗവേഷണ അധിഷ്ഠിത സംരംഭകാന്തരീക്ഷം’ എന്ന വിഷയത്തില്‍ ചര്‍ച്ചയും ആഴത്തിലുള്ള വിലയിരുത്തലുകളും നടന്നു. റഫ്താര്‍ അഗ്രിബിസിനസ് ഇന്‍ക്യുബേറ്റര്‍ (കേരള കാര്‍ഷിക സര്‍വ്വകലാശാല) മേധാവി ഡോ. കെ.പി സുധീര്‍ മോഡറേറ്ററായിരുന്നു. കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ ചെയര്‍പേഴ്‌സണായി. ഗവേഷണാധിഷ്ഠിത സംരംഭകത്വത്തിന്റെ പ്രാധാന്യം അനൂപ് അംബിക വിശദീകരിച്ചു.

പ്രമുഖ സംരംഭകരായ ഡോ. സി.എന്‍ രാമചന്ദ്, ഡോ. എം. പ്രീതി, ഡോ. കെ.എസ് പ്രവീണ്‍, ഡോ. സെബാസ്റ്റ്യന്‍ സി. പീറ്റര്‍ തുടങ്ങിയവർ പങ്കെടുത്തു. സംരംഭക പ്രവര്‍ത്തനങ്ങളില്‍ ഗവേഷണത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്‍ക്യുബേറ്ററുകളും നവ സംരംഭക മേഖലയെ എങ്ങനെ പിന്തുണയ്ക്കണ മെന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.

ഡോ. കെ.പി സുധീര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ 250 കൃഷിയധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പദ്ധതിയെക്കുറിച്ച് വിവരിക്കുകയും വാണിജ്യവത്കരണത്തിനായി 25 ലക്ഷം രൂപ സഹായവും വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക്  നാല് ലക്ഷം രൂപ സഹായവും കര്‍ഷകരുടെ നേതൃത്വത്തിലുള്ള ബയോടെക്‌നോളജി, ജീനോം അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ സഹായവും ലഭ്യമാണെന്നും വിശദീകരിച്ചു.

പാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ സംരംഭക രംഗത്തിന്റെ അവലോകനവും നടന്നു. സ്ഥിരതയും സാങ്കേതിക നവീകരണങ്ങളും ലക്ഷ്യമിടുന്ന ഫണ്ടിംഗ് ആശയങ്ങളും ചര്‍ച്ചാ വിഷയമായി. കൃഷി, ബയോടെക്‌നോളജി, സുസ്ഥിര ഊര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഗവേഷണാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കേരളം മികച്ച കേന്ദ്രമാകേണ്ടതിന്റെ അനിവാര്യതയാണ് വിദഗ്ധര്‍ചൂണ്ടിക്കാണിച്ചത്.

രാജ്യത്തു തന്നെ ആദ്യമായി സ്റ്റാര്‍ട്ടപ്പ് നയം രൂപീകരിക്കാനും നവീന സംരംഭകത്വത്തിന് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതിയും വികസിപ്പിച്ചതിലൂടെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ സംവിധാനമായി കേരളം മാറിയിട്ടുണ്ട് എന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

പങ്കെടുത്ത വിദഗ്ധരും സംരംഭകരും സംരംഭകാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമായും മാര്‍ഗദര്‍ശനം, സഹകരണം, നെറ്റ്വര്‍ക്കിംഗ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞു. കോണ്‍ക്ലേവിന് കെ.എസ്.സി.എസ്.ടി.ഇ  സീനിയര്‍ സയന്റിസ്റ്റ് ഡോ. എ.ആര്‍ ശാരിക നന്ദിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *