ഉരുൾപൊട്ടിയ പ്രദേശങ്ങൾക്ക് 30മീറ്റർ മാറിയുളള സ്ഥലങ്ങൾ സുരക്ഷിതം
വയനാട്ടിൽ ഉരുൾപൊട്ടി തകർന്നടിഞ്ഞ പ്രദേശങ്ങൾക്ക് ചുറ്റും മുപ്പത് മീറ്റർ മാറിയുളള സ്ഥലങ്ങൾ സുരക്ഷിതമാണെന്ന് ഇവിടെ പഠനം നടത്തിയ ഭൗമ ശാസ്ത്ര വിദഗ്ധൻ ജോൺ മത്തായി പറഞ്ഞു. ഇനി ഉടൻ ഒരു ഉരുൾപൊട്ടലിന് സാധ്യതയില്ല. ഇപ്പോൾ പുഴ കവർന്നെടുത്ത പ്രദേശങ്ങൾക്ക് ചുറ്റം 30 മീറ്റർ വിട്ടുള്ള സ്ഥലങ്ങളിലെ സുരക്ഷിതമായ വീടുകളിൽ താമസിക്കാവുന്നതാണ്. കരപ്രദേശത്തിൻ്റെ അടിഭാഗം വെള്ളം കയറി മാന്തിയെടുത്ത സ്ഥലങ്ങൾ പലയിടത്തുമുണ്ട്. ഇവിടങ്ങളിൽ 30 മീറ്ററിൽ കൂടുതൽ വിടേണ്ടിവരും.
30 മീറ്റർ വരെയുള്ള സ്ഥലങ്ങൾ സുരക്ഷിതമല്ല. ഇപ്പോൾ പുഴയോട് ചേർന്ന് പുഴക്കരയിലുള്ള വീടുകളൊന്നും സുരക്ഷിതമല്ല. സുരക്ഷിതവും അല്ലാത്തതുമായ മേഖലകൾ കാണിക്കുന്ന മാപ്പ് സർക്കാറിന് സമർപ്പിക്കുന്ന റിപ്പോർട്ടിനൊപ്പം നൽകും.
ഉരുൾപൊട്ടലിൻ്റെ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടത്തിനടുത്ത് മണ്ണും പാറകളും കടപുഴകിയ മരങ്ങളും കനത്ത മഴയിലെ വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തിയിരുന്നു. ഇതിനാൽ അവിടെ ഒരു ഡാമിന് സമാനമായ രീതിയിൽ വെള്ളം കെട്ടി കിടന്നു. ഇത് പൊട്ടി താഴോട്ട് കുത്തിയൊഴുകിയതിനാൽ ഒരു വലിയ പ്രദേശത്തെ ഇത് അക്രമിച്ചു. മണ്ണും ചെളിയും ഉരുളൻ പാറകളുമെല്ലാം താഴോട്ട് വൻശക്തിയിൽ കുത്തിയൊഴുകി.
സാധാരണ പെയ്യുന്ന മഴയല്ല ഇവിടെ പെയ്തത്. 570 മില്ലിമീറ്റർ മഴയാണ് രണ്ടു ദിവസങ്ങളിലായി പെയ്തത്. ഇത്തരത്തിൽ മഴ പെയ്താൽ ചെരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടാറുണ്ട്. ഇപ്പോൾ തകർന്നു കിടക്കുന്നത് പണ്ട് പുഴയൊഴുകിയിരുന്ന പ്രദേശമാണ്. പിന്നീട് ഇവിടങ്ങളിൽ മനഷ്യവാസം കൂടി പുഴയുടെ വീതി ചെറുതായി. പുഴയ്ക്ക് അവകാശപ്പെട്ട സ്ഥലം അത് കൊണ്ടു പോയി. അതാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ എടുത്ത സ്ഥലത്ത് പുഴ ഒഴുകിക്കോട്ടെ. അത് നമുക്ക് അവകാശപ്പെട്ട സ്ഥലമല്ല – ജോൺ മത്തായി പറഞ്ഞു.
പുഞ്ഞിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ മൂന്ന് ദിവസത്തെ പഠനം നടത്തിയ വിദഗ്ധ സംഘത്തിന് നേതൃത്വം നൽകിയത് ജോൺ മത്തായിയാണ്. തിരുവനന്തപുരം ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ സീനിയർ ശാസ്ത്രജ്ഞനായ ഇദ്ദേഹം കേരളത്തിലെ പല ഉരുൾപൊട്ടലുകളെക്കുറിച്ചും പഠനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.