ഭൂമിയുടെ സംരക്ഷിക്കപ്പെടുന്ന അവകാശങ്ങൾ

ലോക ജൈവ വൈവിദ്ധ്യ ദിന ചിന്തകൾ

ഡോ. വി.ജയരാജൻ

‘കെട്ടിപ്പടുക്കാം സർവ്വജീവൻ്റെയും ഭാവി’ എന്നതാണ് ഈ വർഷത്തെ ജൈവ വൈവിധ്യദിനത്തിൻ്റെ സന്ദേശം. ഈ വിഷയവുമായി കൂട്ടിവായിക്കാൻ ഈ അടുത്ത കാലത്ത് ഇന്ത്യയിലെ ഒരു കോടതിയിൽ നിന്ന് ഒരു വിധി വന്നിട്ടുണ്ട്.
ജീവനില്ലാത്ത മണ്ണിനും നാവില്ലാത്ത മരങ്ങർക്കും വോട്ടില്ലാത്ത മൃഗങ്ങൾക്കും അവകാശങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സുപ്രധാനമായ വിധിയാണത്. വിധി പറഞ്ഞത്
മദിരാശി ഹൈക്കോടതി. ഭൂമിയെ ജീവനുള്ളതായി കാണണമെന്നും സംരക്ഷണത്തിനാവശ്യമായ എല്ലാ അവകാശങ്ങൾക്കും ഭൂമിക്ക് അർഹതയുണ്ടെന്നുമാണ് കോടതി കണ്ടെത്തിയത്.

എല്ലാ കടമകളും ബാധ്യതകളും ജീവനുള്ള വ്യക്തിക്കവകാശപ്പെടാൻ കഴിയുന്ന സംരക്ഷണത്തിൻ്റെയും പരിപാലനത്തിൻ്റെയും ആനുകൂല്യം ഭൂമിക്കവകാശപ്പെടാൻ കഴിയുമെന്നും മദിരാശി ഹൈക്കോടതി ഈ വിധിയിലൂടെ ചൂണ്ടിക്കാട്ടി. വികസനത്തിൻ്റെ പേരിൽ ഭൂമിയെയും പരിസ്ഥിതിയേയും തകർക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണിത്.

റവന്യൂഭൂമി പതിച്ച് കൊടുത്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പക്ഷേ ഇത് കേവലം ഒരു ഭൂമി പതിച്ച് കൊടുക്കൽ വിഷയമായി മാത്രം ചുരുക്കി കാട്ടേണ്ട ഒന്നല്ല. മറിച്ച് ഭൂമി ഉൾപ്പെടുന്ന പ്രകൃതിക്ക് പൗരന്മാർക്ക് അവകാശപ്പെടാവുന്ന മൗലികാവകാശത്തിന് സമാനമായ നിയമ സംരക്ഷണത്തിനും ഉപജീവനത്തിനും പുനരുജ്ജീവനത്തിനും പുനരുത്ഥാനത്തിനും പദവികൾ സംരക്ഷിക്കാനും ആരോഗ്യവും ക്ഷേമവും ഉയർത്തിപ്പിടിക്കാനും അവകാശമുണ്ടെന്നുള്ള ഒരു വലിയ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

വന -പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് പട്ടയം അനുവദിച്ച് കൊടുത്ത തഹസിൽദാരെ സ്വയം പിരിയാൻ നിർബന്ധിച്ച തമിഴ്നാട് സർക്കാറിൻ്റെ ഉത്തരവിനെതിരെ ആരോപണ വിധേയനായ തഹസിൽദാർ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലാണ് ചരിത്രപരമെന്ന് വി ശേഷിപ്പിക്കാവുന്ന വിധി മദിരാശി ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ നിന്നുണ്ടായത്. ജസ്റ്റീസ് എസ്. ശ്രീമതിയാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.

വിവേചനരഹിതമായ പ്രകൃതിചൂഷണം പരിസ്ഥിതിയുടെ താളം തെറ്റിക്കുമെന്നും ഇത് സസ്യജാലങ്ങളുടേയും ജന്തുജാലങ്ങളുടേയും നിലനിൽപ്പ് അപകടത്തിലാക്കുമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ പൂർവ്വികർ നമുക്ക് കാത്തുരക്ഷിച്ച് കനിഞ്ഞു നൽകിയ മഹത്വപൂർണ്ണമായ ഭൂമി യെ നമുക്ക് അനുഭവിക്കാൻ മാത്രമല്ല വരും തലമുറയ്ക്ക് കൈമാറാനുള്ളത് കൂടിയാണെന്നും ആ ഉത്തരവാദിത്വം നമ്മൾ നിറവേറ്റണം എന്നു കൂടി വിധി ഉറപ്പിച്ചു പറയുന്നുണ്ട്. മാതൃഭൂമിയെന്ന് അർത്ഥം വരുന്ന Mother Earth എന്നാണ് ഭൂമിയെ കോടതി വിശേഷിപ്പിച്ചത്.

തമിഴ്നാട്ടിൽ തേനിയിലെ പെരിയ കറുപ്പൻ എന്നയാളാണ് ഈ കേസിലെ ഹരജിക്കാരനായ തഹസിൽദാർ. അദ്ദേഹത്തെയാണ് ജോലിയിൽ നിന്ന് സ്വയം വിരമിക്കലിന് സർക്കാർ ഉത്തരവിട്ടത്. 320 ഏക്കർ റവന്യൂഭൂമി പതിച്ചുനൽകാൻ ഉത്തരവിട്ട ലാൻ്റ് ട്രിബ്യൂണൽ ഓർഡറി
നെതിരെ അദ്ദേഹം നൽകിയ ഹരജിയിലാണ് സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയ ഈ വിധി വന്നത് .

സമാനമായ വിധി ഇതിന് മുമ്പ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടുണ്ട്. (CLMA 3003/ 2017) പാരൻസ് പാട്രിയെ (parens patriae) അധികാരമുപയോഗിച്ചാണ് ഹൈക്കോടതി ഈ കേസിലിടപെട്ടത്. ജസ്റ്റിസ് രാജീവ് ശർമ്മയുടെ വിധി ഇന്ത്യയിലെ പ്രകൃതി സംരക്ഷണത്തിൻ്റെ മാഗ്നാ കാർട്ടയായി വിശേഷിപ്പിക്കാവുന്നതാണ്.

പാരൻസ് പാട്രിയെ എന്ന വിശേഷ നിയമാധികാരം ഉപയോഗിച്ച് ഉത്തരാഖണ്ഡിലെ ഹിമപ്പരപ്പിൻ്റെ സംരക്ഷണം ഉറപ്പുവരുത്തുകയും അതുവഴി അവിടുന്നുൽഭവിക്കുന്ന ഗംഗോത്രി, യമുനോത്രി , എന്നിവയെ സംരക്ഷിക്കുകയും മറ്റ് അനേകം അരുവികളേയും വനത്തേയും മലകകളേയും എന്ന് വേണ്ട അതിൽ അധിവസിക്കുന്ന സർവ്വചരാചരങ്ങളേയും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് വിധിയിലൂടെ അന്ന് കോടതി ഉറപ്പാക്കിയത്. ഇത് പോലുള്ള ചില അപൂർവ്വ ഇടപെടലുകൾ ലോകത്തിലെ പല കോടതി കളിൽ നിന്നും ഉണ്ടായിട്ടുണ്ട്.

അമേരിക്കയിലെ ഫ്ലോറിഡയിൽ 2021ൽ ഫയൽ ചെയ്ത കേസാണതിലൊ ന്ന് ഇത്തരത്തിലുള്ളതാണ്. പ്രകൃതിയുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച ആ കേസിൽ അഞ്ച് പരിസ്ഥിതി ദുർബല പ്രദേശങ്ങളെ ഇല്ലാതാക്കുന്നതിന്നെതിരെയുള്ള ഹരജിയിലായിരുന്നു വിധി. പ്രകൃതിയുടെ വരദാനമായ ആ പ്രദേശത്ത് രണ്ട് അതിമനോഹരമായ തെളിനീർ തടാകങ്ങളും രണ്ട് അരുവികളും ഒരു ചതുപ്പ് പ്രദേശവും ഉൾപ്പെട്ടിരുന്നു. ഇവിടെ കോടതി വിധിക്ക് ഉപോൽബലകമായ ഒരു നാട്ടു നിയമം രക്ഷകനായി എത്തിയിരുന്നു.

ഓറഞ്ച് കൗണ്ടിയുടെ 89 ശതമാനം ആളുകൾ ചേർന്ന് അംഗീകരിച്ചതും ഭരണ ഘടനയുടെ കൊച്ചു പതിപ്പായി വാഴ്ത്തപ്പെടുന്നതുമായ 2020ലെ പ്രമാണമാണ് പുഴകൾക്കും അരുവികൾക്കും കാടിനും സംരക്ഷിക്കപ്പെടാൻ നിയമ പരമായ അവകാശമുണ്ടെന്ന് പ്രമേയം മുഖേന അംഗീകരിച്ചത്. ഭൂമിയുടെ മക്കളായ രണ്ട് തടാകങ്ങളും രണ്ട് അരുവികളും ഒരു ചതുപ്പ് നിലവും ഒരുമിച്ച് ചേർന്ന് പരിസ്ഥിതി സംഘടന മുഖേന ഹരജി നൽകിയിരുന്നു.

ഭവന സമുച്ചയം പണിതാൽ അരുവിയുടെ ഒഴുക്ക് തടസ്സ പ്പെടുമെന്നും അത് തടാകങ്ങളേയും പരിസ്ഥിതിലോലമായ ചതുപ്പ് പ്രദേശത്തേയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ ഭവന- വാണിജ്യ സമുച്ചയനിർമ്മാണ കമ്പനിയെ അതിൽ നിന്നും പാരൻസ് പാട്രിയെ തത്വം ഉപയോഗിച്ച് വിലക്കണമെന്നുമാണ് ഹരജിക്കാർ കോടതിയോടാവശ്യപ്പെട്ടത്.

ഇതിനോട് സമാനമായ മറ്റൊരു കേസ് നടന്നത് ഇക്വഡോറിലാണ്.
ഇവിടെയും പ്രകൃതിയുടെ സംരക്ഷണത്തിന്നായുളള അവകാശമാണ് ഉയർത്തി പ്പിടിച്ചത്. സംരക്ഷിത വനത്തിൽ പാരിസ്ഥിതിക ലോലഭൂമിക്ക് ഭീഷണി യാവുന്ന തരത്തിൽ ഖനി കൾ നിർമ്മിക്കുന്നതിനെതിരെ യായിരുന്നു പാരൻസ് പാട്രിയെ നിയമം ഉപയോഗിച്ചത്. പരിസ്ഥിതിക്ക് യാതൊരു തരത്തിലുമുള്ള കോട്ടവും സൃഷട്രിക്കില്ലെന്ന് ഉറപ്പ് വരുത്താൻ കോടതി നിർദ്ദേശിക്കുകയായിരുന്നു 2021 ലെ ആ കേസിൻ്റെ വിധിയിലൂടെ.
ഇനി മറ്റൊരുദാഹരണം. പെറു ആണ് രാജ്യം . അവിടുത്തെ സ്ഥിതി അതി ഭയാനകമായിരുന്നു. വടക്കൻ ആമസോൺ വനങ്ങൾ ഉൾപ്പെടുന്ന പ്രദേശം ധാരാളം വിദേശ എണ്ണ ക്കമ്പനികളുടെ വിഹാര ഭൂമി ആയിട്ട് നാളേറെയായി. ഇവ ഉണ്ടാക്കുന്ന മാലിന്യം കുന്നുകളേയും അവിടുന്നൽഭവിക്കു ന്ന അരുവികളയും നദികളേയും ബാധിക്കാൻ തുടങ്ങിയത് നിയന്ത്രിക്കാൻ ഭരണ കൂടത്തിന് നാവില്ലാതെയായി.

അമ്പത് കൊല്ലം കുഴിച്ചെടുത്ത എണ്ണയുടെ അവശിഷ്ടങ്ങൾ പതിഞ്ഞ ഭൂമി പരിസ്ഥിതിക്ക് പ്രത്യേകിച്ച് മാരനോൺ നദിക്ക് വരുത്തുന്ന ദോഷം തിരിച്ചറിഞ്ഞ കുക്കാമാ വംശജരായ ആദിവാസി സ്ത്രീകളുടെ സംഘടനയാണ് പ്രകൃതി യുടെ വരദാനമായ ആമസോൺ വനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കേസ് ഫയൽ ചെയ്തത്.

പാരൻസ് പാട്രിയെ എന്ന നിയമതത്ത്വം ഇംഗ്ലണ്ടിലെ രാജാവായിരുന്ന എഡ്വാഡ് ഒന്നാമൻ്റെ (1272-1307) കാലം മുതലാണ്. സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തിയില്ലാത്തവരും മാനസികവൈകല്യം നേരിടുന്നവരുമായ ആളുകളുടെ നിയമപരമായ അവകാശങ്ങൾ രാജാവിൽ നിക്ഷിപ്ത മാവുകയും അവരെ സംരക്ഷിക്കേണ്ട ബാധ്യത രാജാവ് ഏറ്റെടുക്കുകയാണ് ഈ നിയമ തത്വം ഉപയോഗിച്ച് ചെയ്യുന്നത്. ഇത് ക്രമേണ ചാൻസറി കോടതികളിൽ നിക്ഷിപ്തമാവുകയും ജനാധിപത്യ വ്യവസ്ഥയിൽ കോടതികളിലേക്ക് ഈ അധികാരം മാറുകയും ചെയ്തു.
വികസനത്തിൻ്റെ പേരിലും വോട്ട് രാഷ്ട്രീയ ത്തിൻ്റെ പേരിലും മറ്റ് താൽപര്യങ്ങളുടെ പേരിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കോടതികൾക്ക് സാധിക്കുമെന്ന് തെളിയിക്കുന്നതാണ് മുകളിൽ സൂചിപ്പിച്ച ധീരമായ ഇടപെടലുകലും വിധി പ്രസ്താവങ്ങളും. സമസ്ഥ ജീവൻ്റെയും ഭാവി കെട്ടിപ്പടുക്കാൻ ഇത്തരം വിധികൾ ഏറെ സഹായകരമായിരിക്കുമെ ന്ന ആശ്വാസമാണ് ഈ വർഷത്തെ ജൈവ വൈവിദ്ധ്യ ദിനത്തിലെ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *