ആവാസവ്യവസ്ഥ ഭീഷണിയില്‍; ഹിമക്കരടികൾ വംശനാശത്തിലേക്ക്

ലോകത്തിെൻ്റെ പല ഭാഗത്തുനിന്നുമുള്ള  12 പരിസ്ഥിതി പ്രവർത്തകരായ വന്യജീവി ഫോട്ടോഗ്രാഫർമാരുടെ സംഘം ആർട്ടിക് സന്ദർശനം നടത്തിയിരുന്നു. ആർട്ടിക്കിലെ യാത്രാ അനുഭവം വിവരിക്കുകയാണ് സംഘാംഗമായ

ഡോ. പി.വി.മോഹനൻ

ഈയടുത്ത് രണ്ടാഴ്ച ആർട്ടിക്ക് പ്രദേശം ചുറ്റികാണുകയുണ്ടായി. ആർട്ടിക്കിലെ സാൽബാർഡ് പ്രദേശത്ത് 2000 കി.മീ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകൾ ഏറെ പേടിപ്പെടുത്തുന്നതാണ്. ഹിമാനികൾ മൺമല ഇടിയുന്നതുപോലെ ഉരുകി ഒഴുകുന്നു. മഞ്ഞ് മൂടിക്കിടക്കേണ്ട മലകളുടെ കറുത്ത പ്രതലങ്ങൾ തുറന്നുകാണാം.

ഹിമക്കരടികൾ അന്യം നിന്നുപോകാൻ ഇനി അധികം കാലമില്ല. ധ്രുവങ്ങളിലെ പ്രകൃതി സ്രോതസുകളുടെ ചൂഷണത്തിന് രാജ്യങ്ങൾ താമസ്സിയാതെ മത്സരിക്കും. കാലാവസ്ഥ മാറ്റങ്ങൾ ലോകത്തിൻ്റെ പല ഭാഗങ്ങളിലും കഠിനമായ പ്രകൃതിക്ഷോഭങ്ങൾ വരുത്തിവെക്കും. ചില ഭാഗങ്ങളിൽ വരൾച്ചയും ചിലപ്രദേശത്ത് വെള്ളപൊക്കവും ഉണ്ടാകും. സമുദ്രജലനിരപ്പ് ഏഴു മീറ്റർ വരെ ഉയരാം.

ആർട്ടിക്ക് ഹിമാനികൾ ഉരുകുന്നത് നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. വേട്ടയാടുന്നതിനും പ്രജനനത്തിനും പാർപ്പിടത്തിനുമായി കടൽ ഹിമത്തെ ആശ്രയിക്കുന്ന ധ്രുവക്കരടികൾ, കടൽ പന്നികൾ, സീലുകൾ തുടങ്ങിയ

വന്യജീവികളുടെ നിലനിൽപ്പ് അപകടത്തിലാണ്. ഐസിൻ്റെ നഷ്ടം അവരുടെ സ്വാഭാവിക സ്വഭാവങ്ങളെയും ഭക്ഷണ സ്രോതസ്സുകളെയും തടസ്സപ്പെടുത്തുകയും നിലനിൽപ്പിന് ഭീഷണിയാകുകയും ചെയ്യുന്നു.

സീലുകളുടെയും വാൽറസ്സുകളുടെയും എണ്ണത്തിൽ വലിയ കുറവ് നേരിട്ടു. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതോടെ പുതിയ രോഗാണുക്കൾ വന്യജീവികൾക്ക് ഭീക്ഷണിയാണ്. പ്ലവങ്ങളുടെ അളവ് കുറയുന്നതോടെ അവയെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യങ്ങളും അതിനെ ആശ്രയിച്ചു കഴിയുന്ന പക്ഷികളും പ്രതിസന്ധിയിലാണ്. ദേശാന്തരഗമനം നടത്തുന്ന വിവിധയിനം പക്ഷികളുടെ പ്രജനനത്തിനും പ്രശ്നങ്ങൾ നേരിടുന്നു

ഹിമക്കരടികൾ വംശനാശത്തിലേക്ക്

ഹിമക്കരടികൾ ഭൂമിയിലെ മിക്കവർക്കും അപ്രാപ്യമായ സ്ഥലത്താണുള്ളതെങ്കിലും നാട്ടിലെ ഓരോ കുട്ടികൾക്കും ഹിമക്കരടിയെ അറിയാം. കളിപ്പാട്ടങ്ങളായി, ചിത്രങ്ങളായി, കാർട്ടൂണുകളായി കഥകളായി അവരുടെ മനസ്സിൽ ഇന്നും ഹിമക്കരടിയുണ്ട്. ലോകത്ത് ആന, കണ്ടാമൃഗം, ചീറ്റ,കംഗാരു തുടങ്ങിയ മൃഗങ്ങളെക്കാളും മഹത്വം ഹിമക്കരടിക്കുണ്ട്. ഒരു പക്ഷെ ഈ ഭൂമിയിൽ അന്യം നിന്നുപോയ മാമത്തിനോളം മഹത്വമുണ്ട് ഹിമക്കരടിക്ക്.

എന്നാൽ ഈ ലിസ്റ്റിലേക്കെത്തല്ലേ എന്നാണ് പ്രകൃതി സ്നേഹികളുടെ പ്രാർത്ഥന.1973 വരെ ഹിമക്കരടികളെ വേട്ടയാടിയിരുന്നു.1973 ലാണ് ഒരു എഗ്രിമെൻ്റിൽ ആർട്ടിക്ക് രാജ്യങ്ങൾ എത്തിചേർന്നത്. വേട്ടയാടൽ നിന്നുവെങ്കിലും കാലാവസ്ഥ  വ്യതിയാനവും മഞ്ഞുരുകലുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ . ഹിമക്കരടികളുടെ എണ്ണം കഴിഞ്ഞ 45 വർഷങ്ങളിലായി 40 ശതമാനം കുറഞ്ഞു കഴിഞ്ഞു. പ്രതിവർഷം 800 – 900 വരെ യാണ് കുറവ് വരുന്നത്. ഈ പോക്ക് പോയാൽ 10-20 വർഷങ്ങൾക്കിടയിൽ ഹിമക്കരടിയും മാമത്തിൻ്റെ ലിസ്റ്റിലാകും.

ആർട്ടിക്ക് രാജാവ്

ശക്തനായ ധ്രുവക്കരടി (ഉർസസ് മാരിറ്റിമസ്) ഒരു വലിയ സസ്തനിയാണ്, 2.7 മീറ്റർ നീളവും 720 കിലോഗ്രാം ഭാരവുമുണ്ട്. അവരുടെ കൈകാലുകളുടെ അടിയിൽ പോലും വളരുന്ന കട്ടിയുള്ള ഇൻസുലേറ്റിംഗ് രോമങ്ങൾ, മഞ്ഞ് മറയ്ക്കാൻ അവയെ സഹായിക്കുന്നു. അതേസമയം ചർമ്മം കറുത്തതാണ്, ഇത് സൂര്യനിൽ നിന്നുള്ള ചൂട് നന്നായി ആഗിരണം ചെയ്യാൻ അനുവദിക്കുന്നു.

സാധാരണഗതിയിൽ, ആൺ കരടി ഏകാന്തതയുള്ളവരാണ്. അപൂർവ്വമായെ മനുഷ്യരെ ആക്രമിക്കാറുള്ളു. അതേസമയം പെൺകരടി തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം 28 മാസം വരെ ജീവിക്കും. കുഞ്ഞുങ്ങളെ അതിജീവനത്തിൻ്റെ പ്രധാന കഴിവുകൾ പഠിപ്പിക്കാൻ അവ സമയം ചെലവഴിക്കും. കുട്ടികൾ കൂടെയുള്ളപ്പോഴാണ് പെൺ കരടികൾ അപകടകാരികളാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *