കേരളത്തിൽ കാലവർഷം എത്തി; ഇനി മഴ ദിനങ്ങള്‍
മടിച്ചു കളിക്കുന്ന കാലവർഷം ഇതാ എത്തി. ജൂൺ എട്ടിന് കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യകിഴക്കൻ അറബികടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ഇത് തുടർന്നുള്ള മൂന്നു ദിവസം വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ എട്ടു മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.