എസ്.എ.ടി.യിലും തൃശ്ശൂര്‍ മെഡി. കോളേജിലും മില്‍ക്ക് ബാങ്ക് തുടങ്ങും
o കോഴിക്കോട് മില്‍ക്ക് ബാങ്കില്‍ നിന്ന്
ഇതുവരെ 1813 കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കി
o 1397 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക് തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നവജാത ശിശുക്കൾക്ക് ഏറ്റവും പ്രധാനമാണ് അമ്മയുടെ പാൽ. ഏതെങ്കിലും കാരണത്താൽ പാൽ ലഭിക്കാതെ പോകുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ‘മിൽക്ക് ബാങ്ക് ‘ എന്ന ആശയം രൂപപ്പെട്ടത്.
കോഴിക്കോട് മില്‍ക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഇവിടെ പദ്ധതി വന്‍വിജയമാണെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ്
മില്‍ക്ക് ബാങ്ക് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതുവരെ 1813 കുഞ്ഞുങ്ങള്‍ക്കാണ് ഇതിലൂടെ മുലപ്പാല്‍ നല്‍കാനായത്.1397 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. 1,26,225 എം.എല്‍ മുലപ്പാല്‍ ശേഖരിച്ചു. 1,16,315 എം.എല്‍ മുലപ്പാല്‍ വിതരണം ചെയ്തു. 1370 എം.എല്‍ കൂടി വിതരണം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്.
കുഞ്ഞിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും മുലപ്പാൽ ഏറ്റവും ആവശ്യമാണ്. ആറു മാസം വരെ കുഞ്ഞിന് മുലപ്പാൽ തന്നെ കൊടുക്കുന്നതാണ് ഉത്തമമെന്ന് ശിശുരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെ സംഭരിച്ചാണ് ആവശ്യമായ ശിശുക്കള്‍ക്ക് ശുദ്ധമായ മുലപ്പാല്‍ വിതരണം ചെയ്യുന്നത്.
നാലോ അഞ്ചോ പേരില്‍ നിന്ന് ശേഖരിച്ച പാല്‍ ഒന്നിച്ച് ചേര്‍ത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകളും നടത്തുന്നതാണ്. ഫ്രീസറിനുളളില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്.
കേരളത്തില്‍ ഏറ്റവുമധികം പ്രസവം നടക്കുന്ന രണ്ട് ആശുപത്രികളാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജും എസ്.എ.ടി. ആശുപത്രിയും. രണ്ടിടത്തും മില്‍ക്ക് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകും. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മുലപ്പാല്‍ ബാങ്ക് സാക്ഷാത്ക്കരിക്കാന്‍ പ്രയത്‌നിച്ചത് എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍, ആശുപത്രി സൂപ്രണ്ട് ഡോ. പി. ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് മന്ത്രി പറഞ്ഞു. Content highlights: Milk bank for infants at SAT and Thrissur medical college