മാട്ടുപ്പെട്ടിയിലെ ക്ഷീരവിപ്ലവം

കെ.എസ്. ഉദയകുമാര്‍

ഇടുക്കിയിലെ മാട്ടുപ്പെട്ടിയിൽ അഞ്ചു പതിറ്റാണ്ടു മുമ്പ് തുടങ്ങിയ ക്ഷീര വിപ്ലവമാണ് ഇന്ത്യയെ പാലുല്പാദനത്തിൽ സ്വയം പര്യാപ്തമാക്കിയത്. 1963 ൽ ‘ഇൻഡോ സ്വിസ്സ് പ്രോജക്ട് ‘ എന്ന പേരിലാണ് മൂന്നാറിനടുത്ത പ്രകൃതി സുന്ദരമായ മാട്ടുപ്പെട്ടിയിൽ പദ്ധതി തുടങ്ങിയത്.  ഇത്‌
ഇന്ത്യയിലെ കന്നുകാലി വര്‍ഗോദ്ധാരണത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി. സ്വിറ്റ്സര്‍ലാ
ന്റ് ഗവൺമെന്റ് സഹകരണത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ

മാട്ടുപ്പെട്ടി ഫാം

പദ്ധതിയാണിത്. മാട്ടുപെട്ടിയിലെ ഗവേഷണ സപര്യ ഇന്ത്യയൊട്ടാകെ നടപ്പായി. പിന്നീട് പദ്ധതി കേരള ലൈഫ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡിനു കീഴിലായി. തുടക്കത്തില്‍ പാലുല്‍പ്പാദനക്ഷമതയില്‍ ലോക നിലവാരത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ജെര്‍സി, സ്വിസ്സ് ബ്രൗണ്‍ എന്നിവയുടെ ഇറക്കുമതി ചെയ്ത മാതൃ പശുക്കളില്‍ നിന്നും ജനിച്ച മൂരിക്കിടാങ്ങളെ വളര്‍ത്തിയെടുത്തു. അവയില്‍ നിന്നും ശേഖരിച്ച ബീജമാത്രകള്‍ ഇന്ത്യയിലെ പാലുല്‍പ്പാദനക്ഷമത കുറഞ്ഞ നാടന്‍ പശുക്കളില്‍ കുത്തിവെച്ച് ഉല്‍പ്പാദനക്ഷമത കൂടിയ  കാലി വര്‍ഗ്ഗത്തെ സൃഷ്ടിക്കുകയായിരുന്നു ആദ്യ പരീക്ഷണ ദൗത്യം . ഏകദേശം മുപ്പതു വര്‍ഷം മുമ്പ് ‘ സുനന്ദിനി’ എന്ന സങ്കരയിനം പശുക്കള്‍ പിറവിയെടുത്തു.

ധോണി ഫാമിലെ പശുക്കള്‍

ഇപ്രകാരം ജനിച്ച പശുക്കളില്‍ പാലുല്‍പ്പാദനക്ഷമത കൂടിയ ഇനങ്ങളെ ഉരുത്തിരിഞ്ഞെടുക്കുന്നതിനു വേണ്ടി 1978 ല്‍ സന്തതി പരിശോധനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ക്ഷീര കര്‍ഷകരുടെ ഭവനങ്ങളിലും, ഫാമുകളിലും പിറക്കുന്ന പാലുല്‍പ്പാദനക്ഷമതയുള്ള പശുക്കളില്‍ നിന്നും പിറക്കുന്ന കാളക്കിടാങ്ങളെ വളര്‍ത്തി ബീജോല്‍പ്പാദനത്തിന് വേണ്ടി പരിപാലിക്കുകയാണ് സന്തതി പരിശോധനയുടെ കാതല്‍. കെ.എല്‍.ഡി ബോര്‍ഡിനു കീഴില്‍ മാട്ടുപ്പെട്ടി, ധോണി, കുളത്തൂപ്പുഴ എന്നീ ‘എ’ ഗ്രേഡ് ബീജോല്‍പ്പാദന കേന്ദ്രങ്ങളിലെ വിത്തുകാളകളില്‍ നിന്നാണ് സംസ്ഥാനത്തിനകത്തും, മറ്റ് സംസ്ഥാനങ്ങള്‍ക്കും ആവശ്യാനുസരണം വേണ്ട ബീജമാത്രകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ഗാഢശീതീകരണം നടത്തി, ദ്രവ നൈട്രജന്‍ ടാങ്കുകളില്‍ സൂക്ഷിച്ച് ആവശ്യാനുസരണം പ്രത്യേക ശീതീകരണ സംവിധാനങ്ങളോടെ വിതരണം നടത്തുന്നു.

ധോണി ഫാമിലെ തീറ്റപ്പുല്‍ കൃഷി

സംസ്ഥാനത്തുടനീളം മൃഗാശുപത്രികള്‍ വഴിയും, അംഗീകാരമുള്ള കുത്തിവയ്പ്പു കേന്ദ്രങ്ങള്‍ വഴിയുമാണ് കെ.എല്‍.ഡി ബോര്‍ഡ് വിവിധ ഇനങ്ങളില്‍പ്പെട്ട കന്നുകാലികളുടെ ബീജവിതരണം നടത്തുന്നത്. 191 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന മാട്ടുപ്പെട്ടി ഫാമില്‍ ബീജോല്‍പ്പാദനത്തിനു വേണ്ടി ശുദ്ധ ജനുസ്സില്‍പ്പെട്ട വിദേശ ഇനങ്ങളായ ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ജെര്‍സി എന്നിവയേയും, സങ്കര സുനന്ദിനി വിത്തുകാളകളേയും പരിപാലിച്ചു പോരുന്നു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് പശു വളര്‍ത്തല്‍ കേന്ദ്രം, ഭ്രൂണ ഗവേഷണ കേന്ദ്രം കൂടാതെ  ആധുനിക പരിശീലന കേന്ദ്രവും മാട്ടുപ്പെട്ടിയിലുണ്ട്. 1974 ല്‍ സ്ഥാപിതമായ കുളത്തൂപ്പുഴ ഫാമിന്റെ വിസ്തൃതി 38 ഹെക്ടറാണ്. ഹൈടെക് പശു വളര്‍ത്തല്‍ കേന്ദ്രം,

കുളത്തൂപ്പുഴ ഫാം

ബീജോല്‍പ്പാദന കേന്ദ്രം, മേഖലാ ബീജവിതരണ വിപണന കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവയാണ് കുളത്തൂപ്പുഴ ഫാമിലുള്ളത്. സുനന്ദിനി ഇനത്തില്‍പ്പെട്ട വിത്തുകാളകളേയും, നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നിവയുടെ വിത്തുകാളകളേയും ഇവിടെ ബീജോല്‍പ്പാദനത്തിനു വേണ്ടി പരിപാലിക്കുന്നു. പാലക്കാട് ജില്ലയിലെ ഒലവക്കോടിനടുത്ത് ധോണി മലനിരകളുടെ താഴ്വാരത്താണ് ധോണി ഫാം. 1978 ല്‍ സ്ഥാപിതമായ ധോണി ഫാമിന്റെ വിസ്തൃതി 99 ഹെക്ടറാണ്. സങ്കരയിനം കാളകളെ കൂടാതെ വിവിധ ഇനങ്ങളില്‍പ്പെട്ട പോത്ത്, ആട് എന്നിവയുടെ ബീജോല്‍പ്പാദനവുമാണ് ഇവിടെ നടത്തുന്നത്. കൂടാതെ തീറ്റപ്പുല്‍ കൃഷിക്കാവശ്യമായ നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനം, തീറ്റപ്പുല്‍ വിത്തിന്റെ ഗുണനിലവാര പരിശോധനാ ലാബ് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. തൃശ്ശൂരിലെ പുത്തൂരില്‍ 1996 ല്‍ സ്ഥാപിതമായ 39 ഹെക്ടര്‍ വിസ്തൃതിയുള്ള ഫാമില്‍ ഉഷ്ണ മേഖലാ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, ഗിര്‍, താര്‍പാര്‍ക്കര്‍, കങ്കായം എന്നിങ്ങനെ വിവിധ തരം നാടന്‍ കന്നുകാലികളുടെ ഗവേഷണവും, സംരംഭകര്‍ക്കുള്ള പരിശീലനവുമാണ് നടന്നു വരുന്നത്.

ധോണി ഫാമിലെ മലബാറി ആടുകള്‍

ഇടുക്കി ജില്ലയിലെ വാഗമണ്ണിനടുത്ത് കോലാഹലമേട്ടില്‍ 84 ഹെക്ടര്‍ സ്ഥല വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ആധുനിക പശു വളര്‍ത്തല്‍ കേന്ദ്രമാണ് കോലാഹലമേട് ഫാം. 2014 ല്‍ ഇവിടെ അത്യാധുനിക പശുവളര്‍ത്തല്‍ കേന്ദ്രവും ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. പാലക്കാട് ധോണി ഫാമില്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ മലബാറി ആടുകള്‍, അട്ടപ്പാടി കരിയാടുകള്‍ എന്നിവയുടെ വര്‍ഗ്ഗ ഗുണമുള്ളവയെ അവയുടെ തനത് ആവാസ പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തുകയും, അവയെ കെ.എല്‍.ഡി ബോര്‍ഡ് ധോണി ഫാമില്‍ പ്രത്യേകം പരിചരിച്ച് അവയില്‍ നിന്നും തെരഞ്ഞെടുക്കുന്ന മുട്ടനാടുകളില്‍ നിന്ന് ബീജശേഖരണം നടത്തുകയും, തുടര്‍ന്ന് ബീജം ഗാഢ ശീതീകരണം നടത്തി ദ്രവ നൈട്രജനില്‍ സൂക്ഷിച്ച് മൃഗാശുപത്രികള്‍ വഴി വിതരണം നടത്തുകയും ചെയ്യുന്നു.

തിരുവനന്തപുരത്തെ കെ.എല്‍.ഡി ബോര്‍ഡ് ആസ്ഥാനം

സംസ്ഥാനത്ത് ഗുണമേന്മയുള്ള പന്നിയിറച്ചിയുടെ ലഭ്യതയ്ക്കായി കെ.എല്‍.ഡി ബോര്‍ഡും, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആരംഭിച്ച സംയുക്ത സംരംഭം എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്നു. ശാസ്ത്രീയമായ പ്രജനന പദ്ധതിയിലൂടെ ജനിതകമേന്മയുള്ള ആയിരത്തിലധികം പന്നിക്കുഞ്ഞുങ്ങളെ പ്രതിവര്‍ഷം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ലാര്‍ജ്വൈറ്റ്യോര്‍ക്ക്ഷെയര്‍, ലാന്റ്റേസ് ഡ്യൂറോക്ക് എന്നീ ഇനങ്ങളില്‍പ്പെട്ട പന്നികളുടെ ഗാഢ ശീതീകരണം നടത്തിയ ബീജമാത്രകള്‍ ഉപയോഗിച്ച് കുത്തിവെയ്പ്പ് നടത്തി മേന്മയുള്ള ഒരു പുതു തലമുറയെ വാര്‍ത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ജനിതകശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാല്‍, ചെറുപ്രായത്തില്‍ തന്നെ അവയുടെ ഗുണഗണങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കുവാനും അവയെ പ്രജനന പ്രക്രിയക്കായി ഉപയോഗപ്പെടുത്താനും സാധിക്കുന്നു. ഇതിനു വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു ജനിതക പരീക്ഷണ ശാല തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നില്‍ 2016 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഭാവിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമുള്ള പശുക്കുട്ടികളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിലേക്കായി നിലവില്‍ ഉപയോഗിക്കുന്ന ബീജമാത്രകളില്‍ നിന്ന് ആണ്‍-പെണ്‍ വേര്‍തിരിവു നടത്തി കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് അനുസരണമായ സന്തതി പരമ്പരയെ സൃഷ്ടിക്കുകയെന്ന വിപ്ലവകരമായ ഒരു ദൗത്യമാണ് കെ.എല്‍.ഡി ബോര്‍ഡ് ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

( തിരുവനന്തപുരം കെ.എല്‍.ഡി ബോര്‍ഡില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറാണ് ലേഖകന്‍  )

 

Leave a Reply

Your email address will not be published. Required fields are marked *