കേരളത്തിൽ ശനിയാഴ്ച മുതൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
അറബിക്കലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂന മർദ്ദ സാധ്യത. കേരളത്തിൽ ശനിയാഴ്ച മുതൽ നാല് ദിവസം വരെ ഇടിമിന്നലൊടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് മധ്യ കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു. വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യുന മർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തുള്ള സുമാത്ര തീരാത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നവംബർ ഒമ്പതോടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തമിഴ് നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.