ലോകത്തെ മികച്ച വൈറോളജി സ്ഥാപനമായി ഐ.എ.വിയെ മാറ്റും – മുഖ്യമന്ത്രി
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറോളജി സ്ഥാപനമായി തിരുവനന്തപുരം തോന്നക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയെ (ഐ.എ.വി) മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അത്യാധുനിക ഗവേഷണ സൗകര്യങ്ങളും വൈറസുകളെ കുറിച്ച് പഠിക്കുന്നതിനുള്ള സംവിധാനങ്ങളും ഐ.എ.വിയിൽ ഒരുക്കിയിട്ടുണ്ട്. വൈറൽ സിൻഡ്രോമുകൾക്കെതിരായ വാക്‌സിനുകൾ, ആന്റിബോഡികൾ എന്നിവ വികസിപ്പിക്കൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഒട്ടേറെ അക്കാദമിക പ്രോഗ്രാമുകളും ഇവിടെ നടക്കുന്നു. ലൈഫ് സയൻസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെയും കെട്ടിടം ഐ.എ.വിക്ക് കൈമാറുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാവി കേരളത്തിനുള്ള ഈടുവെപ്പുകളാണ് വിപുലീകരിക്കപ്പെട്ട ഐ.എ.വി. മെച്ചപ്പെട്ട ചികിത്സയും ആശുപത്രി സൗകര്യങ്ങളും മാത്രം ഒരുക്കിയാൽ മതിയാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വരുംകാലത്ത് ആരോഗ്യമേഖലയിൽ ഉയരുന്ന വെല്ലുവിളികളെ അതിജീവിച്ച്, സാധ്യതകളെ ഉപയോഗപ്പെടുത്തി വേണം മുന്നോട്ടു പോകാൻ. എങ്കിലേ സമഗ്ര ആരോഗ്യസുരക്ഷ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ.
രണ്ടു പതിറ്റാണ്ടായി നിരവധി വൈറൽ പകർച്ചവ്യാധികൾ കേരളത്തെ ബാധിച്ചു. ഇത്തരം അണുബാധകൾ തടയുന്നതിനും വാക്‌സിനുകളും മറ്റ് പ്രതിരോധ സംവിധാനവും രൂപപ്പെടുത്താനും വേണ്ടിയാണ് 2019 ൽ ഐ.എ.വി സ്ഥാപിച്ചത്. അതിന്റെ തുടർച്ചയാണ് ലാബിന്റെ വിപുലീകരണ പ്രവർത്തികൾ. ഐ.എ.വിയിൽ ശാസ്ത്രജ്ഞരും വിദ്യാർഥികളുമായി 75 ഗവേഷകർ ഉണ്ട്.
നിലവിൽ അമ്പതോളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ഐ.എ.വിയുടെ സേവനം ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ മറ്റ് ആശുപത്രികൾ എന്നിവയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സേവനം പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
വൈറൽ രോഗ ഗവേഷണത്തിലൂടെ പുതിയ വാക്‌സിനുകൾ, മോണോക്ലോണൽ ആൻറിബോഡികൾ, മരുന്നുകൾ ഇവയെല്ലാം കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലേക്കാണ് ഐ.എ.വിയിൽ നിലവിൽ പ്രവർത്തിക്കുന്ന ആറ് ലാബുകൾ ശ്രദ്ധയൂന്നുന്നത്. ഈ ലാബുകൾക്ക് പുറമെയാണ് എട്ട് പുതിയ ബി.എസ്.എൽ ലെവൽ II ലാബുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിപ്പ വൈറസിനെതിരെയുള്ള ആൻറിബോഡി, ഓറൽ റാബിസ് വാക്‌സിൻ ഗവേഷണം എന്നിവയും ലാബിൽ ആരംഭിച്ചിട്ടുണ്ട്. ഒപ്പം സ്വകാര്യമേഖലയെ ഉൾപ്പെടുത്തി പാർട്ടിസിപ്പേറ്ററി റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് പ്രോഗ്രാമും നടപ്പാക്കും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
പരിപാടിയിൽ സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി എട്ട് പുതിയ ബി.എസ്.എൽ II ലാബുകൾ, ഫേജ് ഡിസ്‌പ്ലേ സ്‌ക്രീനിംഗ് സംവിധാനം, വൈറൽ ബയോ അസ്സെ ആൻഡ് മെറ്റാ ജീനോമിക്‌സ് സീക്വൻസിംഗ് ഫെസിലിറ്റി എന്നിവയും നാടിന് സമർപ്പിച്ചു. ഇതിന് പുറമെ ബി.എസ്.എൽ III ലാബ് സമുച്ചയം, ട്രാൻസ്ജനിക് അനിമൽ ഫെസിലിറ്റി എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.
ഐ.എ.വി ഡയറക്ടർ ഡോ.ഇ. ശ്രീകുമാർ, വി. ശശി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി.കെ. രാമചന്ദ്രൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാർ, എം.സി. ദത്തൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ, തുടങ്ങിയവർ പങ്കെടുത്തു.