ഉരുൾപൊട്ടലിൽ നിന്ന് ആളുകളെ രക്ഷിക്കാൻ മോക്ക് ഡ്രിൽ
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളിൽ രക്ഷാപ്രവര്‍ത്തനം മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ച് തൃശൂര്‍ റൂറല്‍ പൊലീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും. തൃശ്ശൂർ അതിരപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പണ്ടാരംപാറയിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതും മാറ്റി പാര്‍പ്പിക്കുന്നതുമായിരുന്നു മോക്ക്ഡ്രില്ലിന്റെ ആദ്യ ഭാഗം.
പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പ്രദേശവാസികള്‍ എന്നിവര്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്ത് എത്തിക്കുന്നത് വിശദീകരിച്ചു. ഉരുള്‍പൊട്ടലില്‍ പുഴയിലും ചെളിയിലും കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്ത് എടുക്കുന്നത് വിശദീകരിക്കുന്നതായിരുന്നു രണ്ടാംഘട്ടം. സൈറണിട്ട് നിരവധി ആംബുലന്‍സുകളും പണ്ടാരംപാറയിലേയ്ക്ക് എത്തി. മെഡിക്കല്‍ ടീം പ്രാഥമിക ശുശ്രൂഷ നല്‍കി സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ ഓരോരുത്തരെയായി ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി.
പൊലീസും അഗ്നിശമനസേനയും ആളുകളെയും വാഹനങ്ങളെയും സ്ഥലത്തു നിന്നും മാറ്റി. അപകടത്തില്‍ പ്പെട്ടവരെ പുറത്ത് എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ടീം അംഗങ്ങള്‍ വിശദീകരിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളില്‍ മരങ്ങള്‍ മുറിച്ചുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്ന രീതി എന്‍.ഡി.ആര്‍.എഫ് മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. പ്രദേശവാസികളെ ക്യാമ്പുകളിലേക്കും സുരക്ഷിത ഇടങ്ങളിലേക്കും മാറ്റി. പ്രദേശവാസികളെ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ബോധവൽക്കരിക്കലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളുടെയും സഹായത്തോടെ സമയബന്ധിതമായി എങ്ങനെ നടത്താമെന്നും കാണിക്കുകയായിരുന്നു മോക്ക്ഡ്രില്ലിലൂടെ ഉദ്ദേശിച്ചത്.