ശാസ്ത്ര കൗതുകങ്ങളുമായി കോട്ടയം സയൻസ് സിറ്റി

ശാസ്ത്ര വിസ്മയ ലോകം തുറന്ന് കോട്ടയം സയൻസ് സിറ്റി. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർഥ്യമായി. ഉദ്ഘാടനം ജൂലൈ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിക്കും.

സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള ആഭിമുഖ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ എം.സി. റോഡരികില്‍ സർക്കാർ അനുവദിച്ച  30  ഏക്കർ ഭൂമിയിൽ സയൻസ് സിറ്റി സ്ഥാപിച്ചത്.  ശാസ്ത്ര ഗ്യാലറികൾ, തൃമാന പ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ്ബ് എന്നിവ ഉൾക്കൊള്ളുന്ന  സയൻസ് സെന്റർ  ആണ് ഇതിലെ പ്രധാന ഭാഗം .

പദ്ധതി പ്രദേശത്ത് 47,147 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ പല വിഭാഗങ്ങളിലായിട്ടാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്.  ഇതിനുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അപൂർവയിനം വനസുഗന്ധവ്യഞ്ജനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുജനങ്ങൾക്കായി ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമാണോദ്ഘാടനം ഉടൻ നടക്കും.

സയൻസ് സെന്റർ

ഫൺ സയൻസ് ഗാലറി, എമെർജിങ് ടെക്നോളജി, മറൈൻ സയൻസ്, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ എന്നിവയും ത്രീ ഡി തീയറ്റർ, എക്സിബിഷൻ ഹാൾ എന്നിവയുമാണ് സയൻസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.
 
 ഫൺ സയൻസ് ഗാലറി

ശാസ്ത്രതത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും പ്രതിപാദിക്കുന്ന ഫൺ സയൻസ് ഗാലറി ശാസ്ത്രതൽപരരെ ഏറെ ആകർഷിക്കും. ഇവിടെ അമ്പതോളം ഇനങ്ങൾ വിവിധ ശാസ്ത്ര ശാഖയുടെ കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോ മാഗ്‌നറ്റിക് തിയറിയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിൻ ഗെയിംസ്, ഗണിതമാതൃകകൾ  എന്നീ വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.

എമെർജിങ് ടെക്നോളജി

മാറിയ കാലത്തിന്റെ ശാസ്ത്രപുരോഗതി വ്യക്തമാക്കുന്ന കാര്യങ്ങളാണിവിടെ കാണാനാവുക. ഈ വിഭാഗത്തിൽ കാർഷിക വിഭാഗം, ആരോഗ്യ വിഭാഗം, മെറ്റീരിയൽ സയൻസ് വിഭാഗം, ഊർജ്ജം, വിവര സാങ്കേതിക വിദ്യ, കമ്മ്യൂണിക്കേഷൻ, സ്പെയ്സ് സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്.

 മറൈൻ സയൻസ്

ഈ വിഭാഗത്തിൽ കടലിനടിയിലെ കാഴ്ചകളാണ് ആളുകളെ ആകർഷിക്കുന്നത്. വിവിധയിനം കടൽസസ്യങ്ങൾ, അവയുടെ സമുദ്രാന്തർഭാഗത്തെ വിന്യാസം, കടൽ ജീവികളുടെ മാതൃകകളും ചിത്രങ്ങളും, ഓരോ ജീവികളും കാണപ്പെടുന്ന ആഴങ്ങളുടെ അടയാളപ്പെടുത്തൽ എന്നിവയെല്ലാം ഇവിടെ കാണാം. അമ്പതോളം പ്രദർശന വസ്തുക്കളാണുള്ളത്.

 ത്രീ ഡി തിയറ്റർ      

ത്രീ ഡി  തിയറ്റർ ആണ് മറ്റൊരു ആകർഷണം. സമുദ്രാന്തർഭാഗത്തെ കാഴ്ചകളും  ആകാശകാഴ്ചകളും ത്രിമാന വീഡിയോ പ്രദർശനത്തിലൂടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പഴയകാല മനുഷ്യർ എങ്ങനെ ജീവിച്ചുവെന്നും പതിയെപതിയെയുണ്ടായ പരിവർത്തനങ്ങളും ത്രീ ഡി ദൃശ്യാനുഭവത്തിൽ കണ്ടു മനസ്സിലാക്കാം. 20 മിനിട്ട് നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ രണ്ട് വീഡിയോകളാണുള്ളത്.

സയൻസ് പാർക്ക്

ഇവിടെ 32 കാഴ്ചകൾ ഉണ്ട്. ഫിസിക്സ് പ്രവർത്തന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണേറെയും.

ആക്ടിവിറ്റി സെന്റർ

കുട്ടികൾക്ക് പരീക്ഷണങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

ടെമ്പററി എക്സിബിഷൻ ഹാൾ

ഇവിടെ സ്റ്റിൽ മോഡലുകളുടെ പ്രദർശനം ആണ് ഒരുക്കിയിട്ടുള്ളത്. വിവിധ ശാസ്ത്രതത്വങ്ങളുടെ തിയറികളും പ്രസന്റേഷനും ഉണ്ട്.

പ്രവേശനം നാലു മുതൽ

സയൻസ് സിറ്റിയിലേക്ക് ഉദ്ഘാടനപ്പിറ്റേന്ന് മുതൽ പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 20 രൂപയും.