സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം നാലുപേർക്ക്
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലയിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച നാല് ശാസ്ത്രജ്ഞർക്കാണ് പുരസ്ക്കാരം.
കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ബയോ കെമിസ്ട്രി ആൻഡ് ന്യൂട്രീഷ്യൻ ഡിവിഷനിലെ ശാസ്ത്രജ്ഞൻ ഡോ. നിലാദ്രി ശേഖർ ചാറ്റർജി, തിരുവനന്തപുരം വലിയമല ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഏവിയോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എസ്. അനൂപ്, എർത്ത് ആൻഡ് സ്പേസ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.എം. റമിയ, പാലക്കാട് ഐ.ഐ.ടി.യിലെ മാത്തമാറ്റിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.ആർ. ജയനാരായണൻ എന്നിവർക്കാണ് പുരസ്കാരം. 50,000 രൂപ ക്യാഷ്
അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡലും തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്കായി 50 ലക്ഷം വരെയുള്ള സഹായധനവും നൽകും. ഒരു അന്തർദേശീയ ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കാനുള്ള യാത്രാസഹായവും നൽകും.
ഫെബ്രുവരി 10-ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടക്കുന്ന സയൻസ് കോൺഗ്രസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.