സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഒരുങ്ങി കൊച്ചി നഗരം
ശാസ്ത്രമേള ബുധനാഴ്ച്ച മുതല്‍ ; ബുധനാഴ്ച്ച രജിസ്‌ട്രേഷന്‍, ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനൊരുങ്ങി കൊച്ചി നഗരത്തിലെ സ്‌കൂളുകള്‍. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന് എറണാകുളം എസ്.ആര്‍.വി സ്‌കൂള്‍ അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. മേളയുടെ ആദ്യ ദിനമായ ബുധനാഴ്ച രജിസ്‌ട്രേഷന്‍ മാത്രമായിരിക്കും. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍.
എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ്, എറണാകുളം എസ്.ആര്‍.വി എച്ച്.എസ്.എസ്, എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് എച്ച്.എസ്.എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗണിത ശാസ്ത്രമേളയ്ക്കും എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും വേദിയാകും. ഐ.ടി മേള നടക്കുന്നത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്.ആര്‍.വി എച്ച്.എസ്.എസ് വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവയ്ക്ക് വേദിയാകും.
പെരുമാനൂര്‍ സെന്റ് തോമസ് സ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് സ്‌കൂള്‍, എറണാകുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍, ഇടപ്പള്ളി പയസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണു പെണ്‍കുട്ടികള്‍ക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
പെരുമാനൂര്‍ സി.സി.പി.എല്‍.എം, തൃക്കനാര്‍വട്ടം എസ്.എന്‍ സ്‌കൂള്‍, ചാത്തിയത്ത് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ചാത്തിയത്ത് എല്‍.എം.സി.സി സ്‌കൂള്‍, എളമക്കര ഗവ.സ്‌കൂള്‍, ഇടപ്പള്ളി ഗവ.സ്‌കൂള്‍, കലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക്
താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ ഇരുന്നൂറോളം ജീവനക്കാരാണ് 17 കമ്മിറ്റികളിലായി സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ നടത്തിപ്പില്‍ പങ്കാളികളാകുന്നത്. മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണം ഒരുക്കുന്നത് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ കലവറയിലായിരിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും ശാസ്‌ത്രോത്സവത്തിനു സദ്യ ഒരുക്കുന്നത്.
മത്സരാര്‍ഥികള്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ജി.സി.ഡി.എ, കൊച്ചി കോര്‍പറേഷന്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. മത്സര ശേഷമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി 200 കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കും. ശനിയാഴ്ച ശാസ്ത്രമേള സമാപിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു സമ്മാനദാനം നിര്‍വ്വഹിക്കും.