പ്രതിഭകളുടെ തിളക്കത്തിൽ ശാസ്ത്രോത്സവത്തിന് തുടക്കം
സ്ക്കൂൾ പാഠ്യപദ്ധതിയിൽ ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കും – മന്ത്രി വി. ശിവൻകുട്ടി
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോള്‍ ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ടൗൺഹാളിൽ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷണല്‍ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കും. ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുമെന്നും ശാസ്ത്ര അഭിരുചിയും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍സ്‌പെയര്‍ അവാര്‍ഡ് – മനാക് (മില്യൻ മൈൻഡ്‌സ് ഓഗ്‌മെന്റിങ് നാഷണൽ ആസ്പിരേഷൻസ് ആന്റ് നോളജ് )ദേശീയ മത്സരത്തില്‍ പങ്കെടുത്ത കേരളത്തിലെ വിവിധ സ്‌കൂളുകളിലെ 11 വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ഘാടന വേദില്‍ മന്ത്രി ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു. നവംബര്‍ 10 മുതല്‍ 12 വരെ ആറു വേദികളിലായി നടക്കുന്ന ശാസ്ത്ര മേളയില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍.
ഉദ്ഘാടന ചടങ്ങില്‍ ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ കെ.ബാബു, റോജി എം.ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.