ഭൂവിനിയോഗ ബോർഡ് സുവർണ്ണ ജൂബിലി: ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന ഭൂവിനിയോഗ ബോർഡ് 50 വർഷത്തെ സേവനങ്ങളുമായി സുവർണ്ണ ജൂബിലി നിറവിൽ. സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ 1975 ലാണ് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് നിലവിൽ വന്നത്. സുവർണ്ണ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി രത്തൻ യു. കേൽക്കർ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ യാസ്മിൻ എൽ.റഷീദ്, ഡെപ്യൂട്ടി ഡയറക്ടർ (അഗ്രി) അജി. എസ്. എന്നിവർ സന്നിഹിതരായി. സംസ്ഥാനത്ത് നിലവിലുള്ള ഭൂവിനിയോഗം അവലോകനം ചെയ്യുകയും ഫലപ്രദമായ വിധത്തിൽ ഭൂമി വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് ഭൂവിനിയോഗ ബോർഡിന്റെ ലക്ഷ്യം.
സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രകൃതി വിഭവ സംരക്ഷണത്തിലൂന്നിയുള്ള പദ്ധതികളും ബോധവത്കരണ പരിപാടികളും ഉൾപ്പടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിന്റെ തുടക്കമായി 2025 ജനുവരി ആറിന് ‘തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും’ എന്ന വിഷയത്തിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സെമിനാർ സംഘടിപ്പിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ മന്ത്രിമാർ, എം.എൽ.എമാർ, വിവിധ വകുപ്പ് മേധാവികൾ, വിഷയവുമായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.