സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുകുന്ന ചര്‍ച്ചകള്‍ കൂടി ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെയും വൊക്കേഷണല്‍ എക്‌സ്‌പോയുടെയും ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശാസ്ത്ര മുന്നേറ്റങ്ങള്‍ മാനവരാശിക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിലുമെല്ലാം നമ്മള്‍ മുന്നേറിയത് ശാസ്ത്ര നേട്ടങ്ങളില്‍ ഊന്നിയാണ്.
എന്നാലവ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ നാം കാണാതെ പോകരുത്. പ്രത്യേകിച്ച് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം നേരിട്ടനുഭവിക്കുന്ന ഒരു നാട് എന്ന നിലയില്‍ -മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശാസ്ത്രനൈപുണ്യവും വൈദഗ്ദ്ധ്യവും പ്രകടിപ്പിക്കാനുള്ള വേദിയാണ് ശാസ്‌ത്രോത്സവം. ഏഷ്യയിലെ തന്നെ ഏറ്റവും ബൃഹത്തായ ശാസ്ത്രമേളയാണിത്.
മുന്‍ വര്‍ഷങ്ങളില്‍ ഈ മേളയില്‍ പങ്കെടുത്തിട്ടുള്ള പലരും പിന്നീട് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശാസ്ത്രമേളകളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഇവിടെ നിന്നുള്ള വിജയികള്‍ക്ക് ഇത്തവണയും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ കഴിവുകള്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു പതിറ്റാണ്ടോളം നീളുന്ന പാരമ്പര്യമുണ്ട് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്.
ഇക്കാലയളവില്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശാസ്ത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കെട്ടിലും മട്ടിലും മാത്രമല്ല, ആശയങ്ങളുടെ അവതരണത്തിലും ലോക വൈജ്ഞാനിക മുന്നേറ്റത്തിനൊപ്പം നീങ്ങാന്‍ നമ്മുടെ ശാസ്ത്രമേളകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ആര്‍ജ്ജിക്കുന്ന വിജ്ഞാനത്തെ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിത്തീര്‍ക്കാന്‍ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നമ്മുടെ യുവ ശാസ്ത്ര പ്രതിഭകള്‍ക്ക് ഉണ്ടാകണം. അത്തരം ചിന്തകള്‍ ജനിപ്പിക്കുന്ന വേദിയായി കൂടി ശാസ്ത്രമേളകള്‍ മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി.
എം.എല്‍.എമാരായ പി പി ചിത്തഞ്ജന്‍, എച്ച് സലാം, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.