കാട്ടാമ്പള്ളി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായി കാട്ടാമ്പള്ളി ചിറ
കാട്ടാമ്പള്ളി ചിറയ്ക്ക് പുനർജന്മം. നവീകരിച്ചതോടെ കാട്ടാമ്പള്ളി പദ്ധതിയുടെ കുടിവെള്ള സ്രോതസായി മാറിയിരിക്കുകയാണ് കാട്ടാമ്പള്ളി ചിറ. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇരിണാവിലാണ് ചിറ. നവീകരിച്ച ചിറ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് നാടിന് സമര്‍പ്പിച്ചത്. 30 മീറ്റർ നീളവും19 മീറ്റർ വീതിയുമുള്ള കുളത്തിന് 2.5 ലക്ഷം ലിറ്ററിൽ അധികം സംഭരണ ശേഷിയുണ്ട്.
ദീർഘ കാലമായി സംരക്ഷണ പ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ നാശോന്മുഖമായ അവസ്ഥയിലായിരുന്ന കാട്ടാമ്പള്ളി ചിറക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തുകയായിരുന്നു. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. രണ്ടാം ഘട്ടത്തിൽ ചിറ നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തി പണി പൂർത്തിയാക്കി.
രണ്ട് ഘട്ടങ്ങളിലായി 78,48,755 രൂപയാണ് എൽ.എസ്. ജി.ഡി എഞ്ചിനീയറിങ് വിംഗ് മുഖേന ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ചിറയുടെ സംരക്ഷണം കൂടാതെ പ്രദേശ വാസികൾക്ക് സായാഹ്നം ചെലവഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.




















