ജല പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദത്തിൽ നടന്ന ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം സമാപിച്ചു.
സമാപന സമ്മേളനം എം.കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു. പ്രകൃത്യായുള്ള ജല സ്രോതസ്സുകൾ അതിന്റെ വിശുദ്ധിയോടെ കാണുകയും പരിപാലിക്കുകയും ചെയ്യണമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. നാളെ ജലത്തിന് വേണ്ടി ഒരു യുദ്ധം വരുന്നതിന് മുമ്പ് ഭരണകൂടങ്ങൾ പ്രത്യേക ജലനയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.
കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി. എ റഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡോ മനോജ് പി. സാമുവൽ, ഡോ.ഇ.ജെ ജയിംസ്, പ്രൊഫ..സി.ടി അരവിന്ദകുമാർ, ഡോ. രശ്മി ടി.ആർ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ അമ്പിളി ജി.കെ അവതരിപ്പിച്ചു. സി. ഡബ്ലു. ആർ.ഡി.എം സേവനത്തിൽ നിന്നും വിരമിക്കുന്ന ഡോ.പി.എസ് ഹരികുമാർ കഴിഞ്ഞ വർഷങ്ങളിൽ വിരമിച്ച ഡോ. അനിത എ.ബി, ഡോ.മാധവൻ കോമത്ത് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ഡോ.ഇ.ജെ ജയിംസ് (പ്രോ വൈസ് ചാൻസലർ, കാരുണ്യ യൂനിവേഴ്സിറ്റി), പ്രൊഫ.കെ.വി ജയകുമാർ (എൻ.ഐ.ടി വാറൻങ്കൽ), ഡോ. ബിജു ജോർജ് (മെൽബൺ യൂണിവേഴ്സിറ്റി ), ഡോ. ഗോൾഡിൽ ക്വാഡ്രോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്ര പ്രതിനിധികളുടെ പ്രബദ്ധ അവതരണം നടന്നു. സമ്മേളനത്തിലെ പ്രധാന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കുമെന്ന് എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. മനോജ് സാമുവൽ അറിയിച്ചു