ആദിത്യ എൽ-1 വിജയകരം; സോളാർ പാനലുകൾ വിടർന്നു
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ -1 വിജയകരം. ഉദ്ദേശിച്ച ഭ്രമണ പഥത്തിലെത്തിയ പേടകത്തിൻ്റെ സോളാര്‍ പാനലുകൾ വിടർത്തി വൈദ്യുതി ഉല്പാദനം തുടങ്ങിയതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.50 ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ ബഹിരാകാശ പേടകവുമായി പി.എസ്.എൽ.വി- സി 57 റോക്കറ്റ് കുതിച്ചുയർന്നത്.
63 മിനുട്ട് 20 സെക്കൻ്റിനുളളിൽ റോക്കറ്റ് ആദിത്യയെ ഭൂമിക്കു ചുറ്റുമുള്ള 235 x 19500 കിലോമീറ്റർ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ വരുന്ന ഹാലോ ഭ്രമണപഥത്തിലെ ലഗ്രാൻജിയൻ പോയൻ്റിൽ (എൽ-1 ) നിന്നാണ് പേടകം സൂര്യനെ നിരീക്ഷിക്കുക. ഇതിനു മുമ്പ് നാലു തവണ ഭ്രമണപഥം ഉയർത്തും. എൽ-1 പോയൻ്റിലെത്താൻ 127 ദിവസം വേണം.
ആദിത്യ- എൽ-1 ൽ തദ്ദേശീയമായി നിർമ്മിച്ച ഏഴ് പേലോഡുകളാണുള്ളത്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ടോഫിസിക്സ്, പുണെയിലെ ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ അസ്ട്രോണമി ആൻ്റ് അസ്ട്രോഫി സിക്സ് എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇതിൻ്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ഞായറാഴ്ച രാവിലെ 11.45ന് ഭ്രമണപഥം ഉയർത്തുന്നതിനായി എഞ്ചിൻ ജ്വലിപ്പിക്കും. അഞ്ച് വർഷവും എട്ടു മാസവുമാണ് ആദിത്യ ദൗത്യത്തിൻ്റെ കാലാവധി.