സി.ഡബ്ല്യു.ആര്‍.ഡി.എമ്മില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ (സി.ഡബ്ല്യു.ആര്‍.ഡി.എം) ഇന്‍ക്യുബേഷന്‍ സെന്റര്‍ വരുന്നു. ഇതിൻ്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും കൈമാറി വ്യാവസായിക അടിസ്ഥാനത്തില്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങുന്നത്. ജലവിഭവ ഗവേഷണ മേഖലയില്‍ വര്‍ഷങ്ങളായി സി.ഡബ്ല്യു.ആര്‍.ഡി.എം നടത്തിയ കണ്ടെത്തലുകള്‍, വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കുന്ദമംഗലം ക്യാമ്പസില്‍ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്.

സി.ഡബ്ല്യു.ആര്‍.ഡി.എം. ഹൈഡ്രോനിസ് ഇന്നൊവേഷന്‍ ഹബ് ആന്‍ഡ് ബിസിനസ് ഇന്‍ക്യുബേഷന്‍ ഫെസിലിറ്റി എന്ന ഇന്‍ക്യുബേഷന്‍ സെന്ററിന്റെ പ്രഖ്യാപനം  ആഗസ്റ്റ് ഏഴിന് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ (കെ.എസ്സി.എസ്.ടി. ഇ) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍ ആന്‍ഡ് ഡി സമ്മിറ്റില്‍ നടക്കും.

ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യവുമായി മുന്നോട്ടുവന്ന അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് കമ്പനികളുമായി ഇതേ വേദിയില്‍ കരാര്‍ ഒപ്പുവെക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ പറഞ്ഞു. ജില്ലയില്‍ എന്‍.ഐടി, ഐ.ഐ.എസ് ഇ .ആര്‍ തുടങ്ങി സ്ഥാപനങ്ങളിലാണ് നിലവില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

പരിസ്ഥിതിയും ജലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കാനായി തിരഞ്ഞെടുത്തത്. സെന്റര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം എക്സ്‌പോഷര്‍ വിസിറ്റ് നടത്തിയിരുന്നു.

ഇതില്‍ അമ്പത് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുകയും സ്ഥാപനത്തിന്റെ ഗവേഷണ, സാങ്കേതിക വിദ്യകളില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ ഗവേഷണ കേന്ദ്രങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എക്സ്‌പോഷര്‍ വിസിറ്റ് നടത്തണമെന്ന കെ.എസ്സി.എസ്.ടി.ഇ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിസിറ്റ് നടത്തിയത്.

സാങ്കേതിക വിദ്യകള്‍ കൈമാറി സി.ഡബ്ല്യു.ആര്‍.ഡി.എം ഗവേഷകരുടെ സഹായത്തോടെ  ആവശ്യമായ രീതിയില്‍ മാറ്റിയെടുക്കാനും ഉയര്‍ത്താനും വികസിപ്പിക്കാനും ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ വഴി നല്‍കും. സ്ഥാപനത്തിലെ ഗവേഷകര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ആവശ്യമായ ഫണ്ട് കണ്ടെത്താനുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്നും പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ.കെ ഇജാസ് പറഞ്ഞു.

നാനോ ടെക്നോളജി ഉപയോഗിച്ച് വെള്ളത്തിലെ നൈട്രേറ്റ് നീക്കം ചെയ്യാനുളള സാങ്കേതികവിദ്യ സ്ഥാപനം കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചിരുന്നു. പേറ്റന്റ് ലഭിച്ച ഈ സാങ്കേതികവിദ്യ ഏറ്റെടുക്കാന്‍ മൂന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. അറവുശാലകളില്‍ നിന്നുള്ള മലിനജലം ശുചീകരിക്കാനുള്ള സംവിധാനവും സ്ഥാപനം വികസിപ്പിച്ചിരുന്നു. വീടുകളിലെയും  ഫ്ലാറ്റുകളിലെയും മലിനജലം ശുചീകരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനം വികസിപ്പിച്ചത് ഒരു സ്വകാര്യ സ്ഥാപനം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നതായും ഡയറക്ടര്‍ പറഞ്ഞു.