കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് റെഡ് അലേർട്ട്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മെയ്‌ നാലിന് രാവിലെ 2.30 മുതൽ അഞ്ചിന് രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന്  സാധ്യതയുണ്ടെന്ന് ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി  ചില പ്രത്യേക സമയങ്ങളിൽ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയർന്ന തിരകൾ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയും ചെയ്യും. ഈ തിരകൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്.

ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടൽ’ എന്ന് വിളിക്കുന്നത്‌. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും കയറാനും കാരണമാകും. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചാല്‍ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മൂന്നിന് രാത്രി 10 മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *