നവംമ്പർ 15 വരെ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റേതുൾപ്പെടെ വിവിധ കാലാവസ്ഥാ മോഡലുകൾ കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലടക്കം റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണെന്ന് ജില്ലാ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ഈ ദിവസങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം തെക്കൻ കേരളത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി ശക്തമായ/അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നു National Centers for Environmental Prediction (NCEP) ന്റെ Global Forecast System കാലാവസ്ഥ മോഡൽ പ്രകാരം ശനിയും ഞായറും തെക്കൻ കേരളത്തിൽ അതിതീവ്ര മഴയും, തിങ്കളാഴ്ച മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴ സാധ്യത പ്രവചിക്കുന്നു.