പ്രാദേശിക പരിസ്ഥിതിയുടെ പ്രാധാന്യം പറഞ്ഞു തന്ന ഗാഡ്ഗിൽ

ഡോ: കെ.കെ.രാമചന്ദ്രൻ

പ്രൊഫ. മാധവ് ഗാഡ്ഗിൽ- പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ഗവേഷണ പ്രവർത്തനങ്ങളുടെ പേരിൽ വിഖ്യാതനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ വിട പറഞ്ഞു. സമൂഹ പങ്കാളിത്തതോടെയുള്ള പാരിസ്ഥിതിക പരിപാലനത്തിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ച അദ്ദേഹം ഇനി ഓർമ്മ. അദ്ദേഹത്തിന്റെ മരണത്തോടെ ഇന്ത്യയിലെ പരിസ്ഥിതി ശാസ്ത്ര പഠനത്തിന്റെയും സംരക്ഷണത്തിന്റെയും ഒരു കാലഘട്ടം അവസാനിക്കുകയാണ്.

1942ൽ ജനിച്ച പ്രൊഫ. ഗാഡ്ഗിൽ സമ്പന്നമായ ജൈവവൈവിധ്യം മനസിലാക്കി സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച ദീർഘദർശിയായ ശാസ്ത്രജ്ഞനായിരുന്നു. ഇന്ത്യൻ ശാസ്ത്ര അക്കാദമിയുടെ ഫെലോയാണ്. പരിസ്ഥിതി വിജ്ഞാനത്തിനും പാരിസ്ഥിതിക ഇടപെടലുകൾക്കുമുള്ള സംഭാവനകൾക്ക് പദ്മഭൂഷൺ പുരസ്കാരത്തിന് അർഹനായിരുന്നു.

പാരിസ്ഥിതിക അനുമതിക്കുള്ള നിർണ്ണയത്തിൽ പരമ്പരാഗതവും പ്രാദേശികവും അറിവുകൾ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം സുവ്യക്തമായി പ്രതിപാദിച്ചിരുന്നു. പാരിസ്ഥിതിക സന്തുലനത്തിന് മേൽതട്ടിൽ നിന്നുള്ള നിർബന്ധിത തീരുമാനം അടിച്ചേൽപ്പിക്കുന്നതിന് പകരം വികേന്ദ്രീകൃത സമീപനത്തിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചിരുന്നു.

ഈ ശാസ്ത്രചിന്തയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പശ്ചിമഘട്ട ആവാസ വ്യവസ്ഥ വിദഗ്ദ്ധ പാനലിന്റെ (WGEEP) അധ്യക്ഷനായിരുന്നപ്പോള്‍ പ്രവർത്തിച്ചതെന്ന് വ്യക്തം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ റിപ്പോർട്ട് ഗാഡ്ഗിൽ റിപ്പോർട്ടെന്നാണ് കേരളത്തിൽ പരക്കെ അറിയപ്പെടുന്നത്.

ഓരോ പ്രദേശത്തിന്റെയും സൂക്ഷ്മ തലത്തിലുള്ള പരിസ്ഥിതിക്ക്  പ്രധാന്യം കൊടുത്തു കൊണ്ട് പ്രാദേശിക സമൂഹങ്ങളെയും അവരുടെ ഉപജീവനത്തെയും സജീവമായി പരിഗണിക്കുന്ന വിപ്ലവപരമായ സംരക്ഷണ പരിപ്രേക്ഷ്യം ഈ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലും റിപ്പോർട്ടിലെ ശുപാർശകൾ സുസ്ഥിര വികസനത്തോടും പരിസ്ഥിതി നയത്തോടും ബന്ധപ്പെട്ട നിർണായക രേഖയായി ദേശീയ തലത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.

ഗാഡ്ഗിൽ 2011 ജനുവരി 29 മുതൽ 31 വരെ നടന്ന 23ാം കേരള സയൻസ് കോൺഗ്രസ്സിൽ പി.ടി. ഭാസ്കര പണിക്കർ സ്മാരക പ്രഭാഷണം നിർവഹിച്ചിരുന്നു. അങ്ങനെയാണ് ആ സയൻസ് കോൺഗ്രസ്സിന്റെ ജനറൽ കൺവിനറായിരുന്ന എനിക്ക് അദ്ദേഹത്തെ പരിചപ്പെടാനും അടുത്ത് അറിയാനും കഴിഞ്ഞത്. പാരിസ്ഥിതിക മാനേജ്മെന്റും പശ്ചിമഘട്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും അന്ന് എല്ലാവരേയും ആകർഷിച്ചു.

ലഘുവായി സംസാരിക്കുകയും വസ്ത്രം ധരിക്കുകയും ഉദാരവും ലളിതവുമായ സമീപനമുള്ള വ്യക്തിത്വമായിരുന്നു. എല്ലാവരോടും ദീർഘകാല ബന്ധമുള്ള തുപോലെ ആത്മാർത്ഥമായ സാമീപനം ദൃശ്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ആഴത്തിലുള്ള സാമൂഹിക ഉത്തരവാദിത്തബോധത്തിൽ നിന്നും ഉണ്ടായ ശാസ്ത്രബോധത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.

വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ നാം ബഹുമാനിക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി വികേന്ദ്രീകൃത ചിന്താധാരയെ പ്രോത്സാഹിപ്പിക്കണം. അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘എ വാക്ക് അപ്പ് ദി ഹിൽ’. അതിലെ വിഷയങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അദ്ദേഹം വിഭാവനം ചെയ്ത പ്രകൃതിയും മനുഷ്യനും സമഞ്ജസമായി നിലനിൽക്കണമെന്ന് ഊന്നിപ്പറയുന്ന പശ്ചിമഘട്ടത്തിനായുള്ള  ശുപാർശകൾ നടപ്പിലാക്കാൻ ശ്രമിക്കണം. (കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ മെമ്പർ സെക്രട്ടറിയാണ് ലേഖകന്‍)