കുറ്റാന്വേഷണത്തിന്റെ ഉള്ളറകള്‍ തുറന്ന് ഫൊറന്‍സിക് പവലിയന്‍
തെളിവുകളുടെ ഓരോ അരിമണിയും പെറുക്കിയെടുത്ത് കുറ്റപത്രത്തില്‍ നിരത്തുന്നതെങ്ങിനെയെന്ന് കാണിച്ചു തരുകയാണ് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കേരള പൊലീസിന്റെ ഫൊറന്‍സിക് പവലിയന്‍.
കേരള പൊലീസിലെ ഫൊറന്‍സിക് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍ കാണികള്‍ക്ക് അവസരമുണ്ട് ഈ സ്റ്റാളില്‍. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭ്യമായ സാമ്പിളുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് ലാബിലേക്ക് അയക്കുകയും ആ സാമ്പിളുകള്‍ കൃത്യമായി പരിശോധിച്ച് ശാസ്ത്രീയമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയുമാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
വിരലടയാളം കണ്ടെത്തുക, രക്ത ഗ്രൂപ്പ് തിരിച്ചറിയുക, ഡി.എന്‍.എയിലൂടെ വ്യക്തിയെ മനസ്സിലാക്കുക എന്നിവയൊക്കെ ഫൊറന്‍സിക്കിന്റെ പരിധിയില്‍ വരുന്നു. പൊലീസ് പവലിയനില്‍ ‘യുഫെഡ്’ (യൂണിവേഴ്‌സല്‍ ഫോറന്‍സിക് എക്‌സ്ട്രാക്ഷന്‍ ഡിവൈസ്) എന്ന ഒരു ഉപകരണവും സന്ദര്‍ശകര്‍ക്ക് കാണാം.
മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. മൊബൈലില്‍ നിലവിലുള്ളതും മുമ്പ് ഉണ്ടായിരുന്നതുമായ വിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഡോക്യുമെന്റ് എന്നിവയാണ് ഫോറന്‍സിക്കിന്റെ നാല് പ്രധാന വിഭാഗങ്ങള്‍.
കേസ് അന്വേഷണത്തില്‍ ശാസ്ത്രത്തിന്റെ ഏത് ശാഖയെ ആണോ ആശ്രയിക്കേണ്ടത് എന്നതിനനുസരിച്ചാണ് ഈ വിഭാഗങ്ങള്‍ തെരഞ്ഞെടുക്കുക. കേരളത്തില്‍ എല്ലാ ജില്ലകളിലും ഫോറന്‍സിക് ലാബുകള്‍ ഉണ്ട്. കൂടാതെ ഓരോ പൊലീസ് ജില്ലക്കും മിനിമം മൂന്നോ നാലോ ഉദ്യോഗസ്ഥരും ഉണ്ട്.