ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘം പഠനം തുടങ്ങി

ശശിധരന്‍ മങ്കത്തില്‍

വയനാട് ഉരുൾപൊട്ടി ദുരന്തമുണ്ടായ പ്രദേശങ്ങളിൽ തിരുവനന്തപുരം ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ മുൻ സീനിയർ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സംഘമാണ് ഇവിടെ പഠനം നടത്താൻ എത്തിയിരിക്കുന്നത്. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങള്‍ നിരീക്ഷിച്ച ശേഷം സംഘം ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തിനടുത്ത വെള്ളാലിപ്പാറയിൽ നിന്ന് പാറകളും മണ്ണും പരിശോധനയ്ക്കായി ശേഖരിച്ചു.

പുഞ്ചിരിമട്ടത്തിനടുത്ത് മലഞ്ചരിവിൽ മണ്ണും പാറകളും കുമിഞ്ഞു കൂടി വൻതോതിൽ വെള്ളം കെട്ടി നിന്ന് ചെറിയൊരു അണക്കെട്ടിന് സമാനമായ സ്ഥിതിവിശേഷം ഉണ്ടായതായി സംശയിക്കുന്നുവെന്ന് ജോൺ മത്തായി പറഞ്ഞു. വെള്ളത്തിൻ്റെ അളവ് കൂടിയപ്പോൾ അണ പൊട്ടി വൻതോതിൽ മണ്ണും പാറകളും താഴേക്ക് ഒഴുകിയത് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടി. മാത്രമല്ല ഇവിടത്തെ കുത്തനെയുള്ള ചെരിവും ഒഴുക്കിന് ശക്തി കൂട്ടി- ജോൺ മത്തായി പറഞ്ഞു.

ദുരന്ത മേഖലയിൽ ശക്തമായ മഴ പെയ്തതിനാൽ  ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. ഓഗസ്റ്റ് 15 വരെ പരിശോധന തുടരും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ കൂടി വിലയിരുത്തി സംഘം സർക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കേരളത്തിലെ ഭൂകമ്പ, ഉരുൾപൊട്ടൽ മേഖലകളിൽ നാലു പതിറ്റാണ്ടായി പഠനം നടത്തുന്ന ജോൺ മത്തായി മുല്ലപ്പെരിയാർ ഉന്നതതല സമിതി അംഗം, സംസ്ഥാന പരിസ്ഥിതി വിശകലന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുത്തുമല, കവളപ്പാറ, പോത്തുകല്ല്, പെട്ടിമുടി, കൂട്ടിക്കൽ തുടങ്ങി ഒട്ടേറെ ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ പഠനം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്മെൻ്റ് (സി.ഡബ്ല്യൂ.ആര്‍.ഡി.എം.) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ.ദൃശ്യ, സുറത്ത്കല്‍ എന്‍.ഐ.ടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാഡ് ആന്‍ഡ് റിസ്‌ക്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *