കേരളത്തിൽ നിന്ന് ആയുർവേദ ഡോക്ടറായി ഉസ്ബെക്കിസ്ഥാൻ പൗരൻ
ഉസ്‌ബെക്കിസ്ഥാന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ അവിടെ ക്ലിനിക്ക് തുടങ്ങും
കേരളത്തിലെ ആയുർവേദ കോളേജിൽ പഠിച്ച് ഡോക്ടറായി ഉസ്ബെക്കിസ്ഥാൻ പൗരൻ ഡോണിയർ അസിമൊവ്. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ബി.എ.എം.എസ് കോഴ്സ് പൂർത്തിയാക്കിയ ആദ്യ വിദേശ പൗരനാണ് ഡോണിയർ.
ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരമാണ് ഡോണിയർ അസിമൊവ് പഠനം നടത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജിനെ സന്ദർശിച്ച് അദ്ദേഹം സന്തോഷം പങ്കുവെച്ചു. ആയുർവേദത്തിന്റെ പ്രശസ്തി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെത്തിക്കാൻ ആയുർവേദ കോളേജിലെ പഠനം സഹായകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
ആയുര്‍വേദത്തോടുള്ള പ്രത്യേക താത്പര്യം കൊണ്ടാണ് ഡോണിയര്‍ കേരളത്തിൽ പഠനം നടത്തിയത്. ഉസ്‌ബെക്കിസ്ഥാന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ അവിടെ ക്ലിനിക്ക് ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.