കൊക്കിൽ പ്ലാസ്റ്റിക്ക് കുരുങ്ങിയ ആ പക്ഷി എവിടെ ?
നീണ്ട കൊക്കിൽ കുരുങ്ങിയ പ്ലാസ്റ്റിക്ക് ചാക്കിന്റെ കഷണം ഊരിക്കളയാനുള്ള ശ്രമത്തിലാണ് ആ പക്ഷി. അതിനായി ഇരിക്കുന്ന മരക്കൊമ്പിൽ കൊക്ക് കുറേ നേരം ഉരസിക്കൊണ്ടേയിരുന്നു. പക്ഷെ കുരുങ്ങിയ ചാക്കിന്റെ കഷണം കൊക്കിൽ നിന്നു പോകുന്നില്ല.
കണ്ണൂർ കക്കാട് പുഴയോരത്ത് ക്യാമറയുമായി ഇരിക്കുമ്പോഴാണ് പരിസ്ഥിതി ഫോട്ടോഗ്രാഫർ ഡോ.പി.വി. മോഹനൻ ആ കാഴ്ച കണ്ടത്. വെളളത്തിൽ ഊളിയിട്ട് മീൻ പിടിച്ച , തൂവലുകൾ കൊത്തി മിനുക്കിയ ഡാർട്ടറിന്റകൊക്ക് ആരോ പുഴയിൽ തള്ളിയ പ്ലാസ്റ്റിക്ക് ചാക്കിൻ കഷണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. കക്കാട് പുഴയിൽ നിറയെ മാലിന്യമാണ്. പ്ലാസ്റ്റിക്ക് ചാക്കുകളും കുപ്പികളും അറവു മാലിന്യങ്ങളുമാണ് പുഴയിലെങ്ങും. പ്ലാസ്റ്റിക്ക് ചാക്കിനകത്തെ മാലിന്യം തിന്നാനെത്തിയ മീനിനെ
പിടിക്കുമ്പോഴായിരിക്കണം ചേരക്കോഴിയെന്ന പക്ഷിയുടെ കൊക്കിൽ കുരുക്ക് വീണത്. ഒരു മണിക്കൂറോളം അത് നീക്കാൻ ശ്രമം നടത്തിയെങ്കിലും കുരുക്ക് മുറുകി കൊണ്ടിരുന്നു. ക്ഷീണിച്ച പക്ഷി പിറകിലേക്ക് തലതാഴ്ത്തി കുറച്ചുനേരം ഇരുന്നു. ഞങ്ങൾ അതിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും കൈയ്യെത്തുംദൂരത്തു നിന്നും പറന്നകന്നു.
തുടർന്ന് ഒരാഴ്ചക്കാലം ഞങ്ങൾ പക്ഷിയെ തിരഞ്ഞെങ്കിലും കണ്ടില്ല. എന്നും വന്നിരുന്നു വെയിൽ കൊള്ളുന്ന മരക്കുറ്റിയിൽ നോക്കി ഞങ്ങളിരുന്നു. പക്ഷെ ……… ഇല്ല. വന്നില്ല.ഒരു തുള്ളി വെള്ളമിറക്കാനാകാതെ ഒന്നുറക്കെ ശബ്ദിക്കാനാകാതെ, ഇണയെ വിളിക്കാനാകാതെ, ഡാർട്ടർ ഏതെങ്കിലും മരക്കൊമ്പിനു താഴെ മണ്ണോട് ചേർന്നിരിക്കും. മനുഷ്യരുടെ മലിനീകരണത്തിന്റെ രക്തസാക്ഷി ! കേരളത്തിൽ വംശനാശം നേരിടുന്ന പക്ഷിയാണിതെന്ന്
പക്ഷി ശാസ്ത്രജ്ഞനായ ഇന്ദുചൂഢൻ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കക്കാട് പുഴയിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികളുടെ കണ്ണ് എന്ന് തുറക്കും ? കൊമ്പിൽ കൊക്ക് ഉരസി പ്ലാസ്റ്റിക്ക് മാറ്റാൻ ശ്രമിക്കുന്ന പക്ഷിയുടെ ശ്രമം മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയരക്ടർ കൂടിയായ മോഹനൻ ക്യാമറയിൽ പകർത്തി വീഡിയോ നിർമ്മിച്ചിട്ടുമുണ്ട്.