ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യം ; ചേരക്കോഴി വംശനാശത്തിന്റെ വക്കിൽ
jordays desk
പുഴയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ചാക്കിന്റെ ഭാഗം കൊക്കിൽ കുരുങ്ങിയ നാലാമത്തെ ചേരക്കോഴിയെ കണ്ണൂർ കക്കാട് പുഴയിൽ കണ്ടെത്തി. കഴിഞ്ഞ നാല് മാസങ്ങൾക്കിടയിൽ നാല് ചേരക്കോഴികളാണ് ഈ ദുരന്തത്തിൽ പെട്ടു പോയതെന്ന് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.പി.വി. മോഹനൻ പറഞ്ഞു. കൊക്ക് വിടർത്താനാകാതെ പട്ടിണി കിടന്ന് മരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവയ്ക്ക് ഉണ്ടാകുന്നത്.
സംസ്ഥാനത്തെ പുഴകളിലും ജലാശയങ്ങളിലുമുള്ള ഇത്തരം മാലിന്യക്കെണികളിൽപ്പെട്ട് ദിനംപ്രതി നിരവധി ചേരക്കോഴികൾ ഇങ്ങിനെ ചത്തൊടുങ്ങുന്നു 1987 ലെ ജല പക്ഷി സെൻസസ് പ്രകാരം വംശനാശം നേരിടുന്ന പക്ഷിയാണിത്. അതുകൊണ്ട് ഐ.യു.സി.എൻ ഈ പക്ഷിയെ റെഡ് ഡാറ്റാ ലിസ്റ്റിൽപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലും ഈ പക്ഷി വംശനാശ ഭീഷണിയിലാണ്. കഴിഞ്ഞ മുപ്പത് വർഷമായി ഇതിന്റെ എണ്ണം കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും, കണ്ടൽക്കാടുകളുടെ നാശം കാരണം ശുദ്ധജലത്തിൽ ഉപ്പുവെള്ളം
കയറുന്നതും , കൂടുകെട്ടാനുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതുമാണ് ഇവയുടെ എണ്ണം കുറയാനിടയാക്കുന്ന മറ്റു കാരണങ്ങൾ. കേരളത്തിലെ ജലാശയങ്ങളിലെ മാലിന്യമാണ് ഇപ്പോൾ ചേരക്കോഴിക്ക്
ഭീഷണിയാകുന്നത്. കൂർത്ത കൊക്ക് കൊണ്ട് വെള്ളത്തിൽ മുങ്ങി മീനിനെ കുത്തി പിടിച്ച ശേഷം ഉയർത്തി എറിഞ്ഞ് വിഴുങ്ങുന്ന ശീലമാണ് ഇവക്കുള്ളത്. ഇങ്ങിനെ മീൻ പിടിക്കുമ്പോൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ കൊക്ക് തുളച്ചാണ് പലപ്പോഴും അപകടം വരുന്നത്.
ചേരക്കോഴി (ഓറിയന്റൽ ഡാർട്ടർ )
ശുജല തടാകങ്ങളിലും പുഴകളിലും, റിസർവോയറുകളിലുമാണ് ഇവയെ കണ്ടുവരുന്നത്. ജൂൺ-ആഗസ്ത് മാസങ്ങളിലാണ് പ്രജനനം. നീണ്ട കഴുത്ത്, മൂർച്ചയുള്ള കൊക്ക്, എന്നിവയാണ് ഇതിന്റെ പ്രത്യേകത. വടക്കേ ഇന്ത്യയിൽ ചേരക്കോഴികളെ ഉപയോഗിച്ച് മീൻ പിടിക്കാറുണ്ട്. മീൻ വിഴുങ്ങാതിരിക്കാൻ കഴുത്തിൽ റബ്ബർ ബാന്റിടും. ചിറകിൽ തിളങ്ങുന്ന വെള്ള തൂവലുകള്ളതിനാൽ ഭാരതീയ ഐതിഹ്യങ്ങളിൽ സൂര്യദേവനെയാണ് ചേരക്കോഴി പ്രതിനിധാനം ചെയ്യുന്നത്.