പരിസ്ഥിതി ദിനം: വാഴാനിയിലേക്ക് 42 സൈക്കിൾ യാത്രികർ
ലോക പരിസ്ഥിതി ദിനം, ലോക സൈക്കിൾ ദിനം എന്നിവയുടെ ഭാഗമായി തൃശൂർ ടൗണിൽ നിന്ന് വാഴാനിയിലേക്ക് ചവിട്ടികയറിയത് 42 സൈക്കിൾ റൈഡർമാർ.
ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തി തൃശ്ശൂർ ടൗണിൽ നിന്നും ആരംഭിച്ച യാത്ര “വഴാനി റൈഡ്” ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റേഞ്ച് ഓഫീസർ സുമാ സ്കറിയ തൃശ്ശൂർ ടൗൺ ഹാളിൽ ഫ്ലാഗ് ഓഫ് ചെയ്തു. 42 പേർ വാഴാനി വരെ 18 കിലോമീറ്റർ ദൂരം താണ്ടി. പ്രകൃതി സുന്ദരമായ വടക്കാഞ്ചേരിയിലെ വാഴാനി ഡാമിലേക്കാണ് യാത്ര നടത്തിയത്.
തൃശ്ശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള റൈഡർമാർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, വനംവകുപ്പ്, തൃശൂർ ഓൺ എ സൈക്കിൾ ക്ലബ്ബ്, ബയോ നാച്ചുറൽ ക്ലബ്ബ്, ക്രാങ്ക് സൈക്ലിങ് ജോയിന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് റൈഡ് സംഘടിപ്പിച്ചത്.
യോഗത്തിൽ വനംവകുപ്പ് റേഞ്ച് ഓഫീസർ സുമാ സ്കറിയ, ഗവ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. കൃഷ്ണകുമാർ, ബയോ നാച്ച്വറൽ ക്ലബ്ബ് അംഗം ഡോ. അബ്ദുൾ സലാം, ആരോഗ്യകേരളം ജെ.സി. ഡോ. ആൽഡ്രിൻ തോമസ്, ഫോറസ്റ്റ് ഓഫീസർ മാത്യു എന്നിവർ സംസാരിച്ചു.