നദീതട, കാലാവസ്ഥാ പഠനം: ശിൽപ്പശാല തുടങ്ങി
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം സംഘടിപ്പിക്കുന്ന കാര്യശാല ശിൽപ്പശാല തുടങ്ങി. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നദീതട, കാർഷിക- കാലാവസ്ഥാ മേഖലകളിൽ ഭാവിയിലെ സാഹചര്യങ്ങൾ ശാസ്ത്രീയമായി പ്രവചിക്കുന്നതിന് ജിയോസ്പേഷ്യൽ
സാങ്കേതിക വിദ്യകളും ആർ പ്രോഗ്രാമിംഗ് പോലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സാങ്കേതങ്ങളും ഉപയോഗിച്ചുള്ള പഠനങ്ങളിൽ പരിശീലനം നൽകുന്നതിനാണ് ശിൽപ്പശാല. ഡോ. മനോജ് പി. സാമുവൽ (എക്സിക്യുട്ടീവ് ഡയറക്ടർ സി.ഡബ്ല്യു.ആർ.ഡി.എം.) അദ്ധ്യക്ഷത വഹിച്ചു.
ഡോ.പി.എം. പ്രിയദർശൻ (മുൻ ഡെപ്യൂട്ടി ഡയറക്ടർ, റബ്ബർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം ) മുഖ്യാതിഥിയായിരുന്നു. ഡോ. ചിന്നി വി. നാഗകുമാർ, ഡോ യു. സുരേന്ദ്രൻ, ഡോ. നവീന. കെ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സയൻസ് ആൻ്റ് എഞ്ചിനീയറിംഗ് ബോർഡിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ പതിനൊന്ന് സംസ്ഥാനങ്ങളിലുള്ള ഇരുപത്തി അഞ്ചോളം ഗവേഷണ വിദ്യാർഥികൾ പങ്കെടുക്കുന്ന ശിൽപ്പശാല 28 ന് സമാപിക്കും.