ഇന്ത്യയുടെ സ്വന്തം പാരസെറ്റമോൾ വിപണിയിലെത്തുന്നു
തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം പാരാസെറ്റാമോൾ വിപണിയിലെത്തുന്നു. വ്യാപകമായി ഉപയോഗിക്കുന്ന വേദന സംഹാരിയും പനി കുറയ്ക്കുന്നതുമായ പാരസെറ്റമോൾ ഉത്പാദിപ്പിക്കുന്നതിനുള്ള തദ്ദേശീയ സാങ്കേതിക വിദ്യ സി.എസ്.ഐ.ആർ വികസിപ്പിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹ മന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ചേരുവകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പാരസെറ്റമോൾ നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹിയിൽ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ 40-ാമത് സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കർണാടക ആസ്ഥാനമായുള്ള സത്യ ദീപ്ത ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് താങ്ങാനാവുന്ന വിലയിൽ ഈ പാരസെറ്റമോൾ ഉത്പാദിപ്പിക്കും. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നാണ് പാരസെറ്റമോളിനുള്ള പ്രധാന അസംസ്കൃത വസ്തുക്കൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
നാഫിത്രോമൈസിൻ എന്ന പേരിൽ ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റിബയോട്ടിക് അടക്കം തദ്ദേശീയ വികസനത്തിന്റെ ഒരു പരമ്പര തന്നെ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡി.എസ്.ഐ.ആർ സെക്രട്ടറി ഡോ. എൻ.കലൈസെൽവി, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ് പ്രൊഫ. എ.കെ. സൂദ് എന്നിവരും പ്രസംഗിച്ചു.