കാലാവസ്ഥയിലെ മാറ്റങ്ങൾ അറിയാൻ പഠന ലാബ്
നമ്മുടെ കാലാവസ്ഥയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ? കാലാവസ്ഥാ മാറ്റത്തിന്റെ കാരണങ്ങളും ഭവിഷ്യത്തുക്കളും എന്തൊക്കെ? ഇതിൻ്റെ പരിഹാര നിർദേശങ്ങളുമായി ഒരു പരീക്ഷണശാല. കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിലാണ് കാലാവസ്ഥാ മാറ്റ പഠന ലാമ്പ് തുടങ്ങിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയന്റെയും ജർമ്മൻ ഫെഡറൽ മന്ത്രാലയം- ഇക്കണോമിക് അഫയേഴ്സ് ആൻഡ് ക്ലൈമറ്റ് ആക് ഷൻ (ബി.എം.ഡബ്ല്യു.കെ) ധനസഹായം നൽകുന്ന ഇന്ത്യ ക്ലൈമറ്റ് ആക് ഷൻ പദ്ധതിയുടെയും സാമ്പത്തിക സഹായത്തോടെ GIZ ആണ് ഇന്ത്യയിലെ രണ്ടാമത്തെ ഇത്തരത്തിലുള്ള പ്രദർശന സംവിധാനം സി.ബ്ല്യു.ആർ.ഡി.എമ്മിൽ സജ്ജമാക്കിയിരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചുള്ള പോസ്റ്ററുകളും വിവരണങ്ങളും പ്രദർശന വസ്തുക്കളും വീഡിയോയും ലാബിലുണ്ട്.
ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് മേയർ ഡോ.ബീനാഫിലിപ്പ് നിർവഹിച്ചു. അഡ്വ.പി.ടി.എ.റഹിം എം.എൽ.എ. അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.മനോജ് പി. സാമുവൽ സ്വാഗതം പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഊർജ-
കാലാവസ്ഥാ മാറ്റം ഗ്രൂപ്പ് ഫസ്റ്റ് കൗൺസിലർ എഡ്വിൻ കോക്കോക് മുഖ്യാതിഥിയായിരുന്നു. ഇന്തോ-ജർമൻ ക്ലൈമറ്റ് ആക് ഷൻ പ്രോജക്ട് മാനേജർ കാരൻ ഡെക്കൻബേച്,GIZ സീനിയർ അഡ്വൈസർ ജയ്കുമാർ ഗൗരവ്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ.കെ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ പ്രൊഫ. കല്യാൺ ചക്രവർത്തി, സി.ഡബ്ല്യു.ആർ.ഡി.എം. സീനിയർ സയൻ്റിസ്റ്റ് അമ്പിളി ജി.കെ എന്നിവർ പങ്കെടുത്തു.
പൊതു ജനങ്ങൾക്കും സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും ലാബിൽ പ്രവേശനം സൗജന്യമായിരിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ലാബ് സന്ദർശിക്കാവുന്നതാണ്.