വേമ്പനാട് കായല്‍ പുനരുജ്ജീവനത്തിനായി ശുചീകരണം

സംസ്ഥാനത്തെ ഏറ്റവും വലുതും റാംസര്‍ തണ്ണീര്‍ത്തട വ്യവസ്ഥയില്‍ ഉള്‍പ്പെട്ടതുമായ വേമ്പനാട് കായലിന്റെ പുനരുജ്ജീവനത്തിനായി ശുചീകരണം നടത്തി. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

എച്ച്.സലാം എം.എല്‍.എ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയര്‍പെഴ്സണ്‍ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, സബ് കളക്ടര്‍ സമീര്‍ കിഷന്‍, അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ജി. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മത്സ്യത്തൊഴിലാളികള്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.ഡി. കോളേജ്, സെന്‍റ് ജോസഫ്സ് കോളേജ്, ലജനത്തുല്‍ മുഹമ്മദീയ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.സി. സി.കേഡറ്റുകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ശുചിത്വമിഷന്‍ ജീവനക്കാര്‍, നഗരസഭ

ശുചീകരണ തൊഴിലാളികള്‍, ഡി.ടി.പി.സി. ജീവനക്കാര്‍, ഹൗസ് ബോട്ട് ഉടമ അസോസിയേഷന്‍, സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ്, എ.ഡി.ആര്‍.എഫ്, കെയര്‍ ഫോര്‍ ആലപ്പി, വാപ് പുറക്കാട് എന്നീ സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

പുന്നമട സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്രത്തിലെ എഴുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ രാവിലെ  തന്നെ പുന്നമട ജെട്ടിയില്‍  ശുചീകരണം ആരംഭിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം അമ്പതോളം വള്ളങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ റോസ് പവലിയന്‍ മുതല്‍ കുരിശടി വരെ വള്ളങ്ങളിലും മറ്റുള്ള സന്നദ്ധപ്രവര്‍ത്തകര്‍ കരയിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.

പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെയും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
കാമ്പയിനായി 1.08 കോടി രൂപയുടെ പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്.

വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ്  പ്രാഥമിക ഘട്ടത്തില്‍ ശുചീകരണം നടത്തുന്നത്. അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, കൈനകരി എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ആലപ്പുഴ, ചേര്‍ത്തല മുനിസിപ്പാലിറ്റികളിലെയും തെരഞ്ഞെടുത്ത കായല്‍ ഭാഗങ്ങളാണ് ശുചീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *