അഭിമാന മുഹൂർത്തം, ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങി
ലോകം ഉറ്റുനോക്കുന്നതിനിടെ ഇന്ത്യയുടെ ചന്ദ്രയാൻ- 3 ചന്ദ്രനിൽ ഇറങ്ങി.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് പ്രക്രിയയിലൂടെ കാലൂന്നിയത്. ബുധനാഴ്ച വൈകുന്നേരം 5.45ന് തുടങ്ങി നിർണായകമായ അവസാനത്തെ 19 മിനിട്ടിൽ നാല് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സോഫ്റ്റ് ലാൻഡിങ് നടത്തിയത്.
ബെംഗളൂരു പീനിയയിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ് വർക്കിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്നാണ് വിക്രം ലാൻഡറിന് നിർദ്ദേശങ്ങൾ നൽകിയത്. വൈകീട്ട് 6.04 നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇതോടെ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമായി മാറി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം കൈവരിച്ച നാലാമത്തെ രാജ്യവുമായി.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോവറും 14 ദിവസമാണ് പരീക്ഷണം നടത്തുക. ജൂലായ് 14ന് ഉച്ചയ്ക്ക് 2.35-നാണ് ചന്ദ്രയാൻ-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് മാർക്ക് -3 റോക്കറ്റിൽ കുതിച്ചുയർന്നത്.