ചന്ദ്രഗിരിപ്പുഴയുടെ ജാതകം
പ്രകൃതി നല്‍കുന്ന മഴവെള്ളം സംഭരിച്ച് ജനങ്ങളുടെ ദാഹമകറ്റുന്ന ചന്ദ്രഗിരിപ്പുഴ. ചന്ദ്രഗിരിയുടെ ഉത്ഭവരഹസ്യങ്ങള്‍ അന്വേഷിച്ച് ചെന്നാലറിയാം ഈ ‘മഹാനദി’ യുടെ മഹത്വം. കേരളത്തിലെ 44 നദികളില്‍ വലിയൊരു സ്ഥാനമുണ്ട് ചന്ദ്രഗിരിക്ക്. പുഴകള്‍ കൊണ്ട് സമൃദ്ധമാണ് കാസര്‍കോട് ജില്ല. 44 നദികളില്‍ ഏറ്റവും കൂടുതല്‍ നദികളുള്ളതും കാസര്‍കോട് ജില്ലയില്‍ത്തന്നെ – എട്ടെണ്ണം. ഇതില്‍ ഏറ്റവും വലുതാണ് ചന്ദ്രഗിരിപ്പുഴ. നീളം 105 കിലോമീറ്റര്‍. കര്‍ണാടകത്തിലെ കൂര്‍ഗ് ജില്ലയിലെ നിഷാനിബേട്ട എന്ന മലയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പാട്ടിഘട്ട് റിസര്‍വ്വ് വനത്തിനകത്താണ് 1259 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. ഇതേ വനത്തിലെ ഇരുള്‍ബാണമലയില്‍ നിന്നാണ് പഴസ്വിനിപ്പുഴ ഉത്ഭവിക്കുന്നത്. 1432 മീറ്റര്‍ ഉയരത്തില്‍ നിന്ന്. കൂടുതല്‍ ഉയരത്തില്‍ നിന്ന് എത്തുന്ന ഇത് ചന്ദ്രഗിരിപ്പുഴയില്‍ ചേര്‍ന്ന് ഒഴുകുകയാണ് ചെയ്യുന്നത്. ചന്ദ്രഗിരി ഒരു ഭാഗത്തുനിന്നും പയസ്വിനി മറ്റൊരു ഭാഗത്തു നിന്നും ഒഴുകി സുള്ള്യയ്ക്കടുത്ത മാച്ചിപുരയില്‍ വെച്ച് ഒന്നിക്കുന്നു. പിന്നീട് ഇത് 15 കിലോമീറ്റര്‍ ഒഴുകിയാണ് കടലില്‍ ചേരുന്നത്. കര്‍ണാടകത്തിലെ ദക്ഷിണ കന്നട ജില്ലയിലെ പ്രധാന കുടിവെള്ള- ജലസേചന സ്രോതസ്സാണ് ഈ പുഴ.
ഇവിടെ ഇത് പയസ്വിനി എന്ന പേരിലാണ് അറിയപ്പെടുന്നത്. കാസര്‍കോട് ജില്ലയിലെത്തുമ്പോഴാണ് പുഴ ചന്ദ്രഗിരി എന്ന പേരിലറിയപ്പെടുന്നത്. പയസ്വിനി എന്നും പറയാറുണ്ട്. 1342 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വൃഷ്ടിപ്രദേശം. ഇതില്‍ 42.02 ശതമാനം പ്രദേശം കര്‍ണാടകത്തിലും 57.08 ശതമാനം പ്രദേശം കേരളത്തിലുമാണ്. അതായത് കര്‍ണാടകത്തിലുള്ള 42 ശതമാനം വൃഷ്ടിപ്രദേശത്തു നിന്നാണ് പുഴയിലെ പകുതിയോളം വെള്ളം വരുന്നത്. കാസര്‍കോട് ജില്ലയിലെ 28.31 ശതമാനം സ്ഥലം കൈയ്യടക്കിയാണ് ചന്ദ്രഗിരി ഒഴുകുന്നത്. തീരത്തായി പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചന്ദ്രഗിരിക്കോട്ടയുടെ പ്രൗഢിയിലാണ് ഇതിന് ചന്ദ്രഗിരി പുഴ എന്ന പേര് വന്നതെന്ന് കരുതുന്നു.
വൃഷ്ടി പ്രദേശത്തെ 5643 ചെറുഅരുവികള്‍ ചേര്‍ന്ന് ഒഴുകിയാണ് ഇത് ചന്ദ്രഗിരി പുഴയായിതീരുന്നത്. പകുതിയോളം അരുവികളും ഉത്ഭവിക്കുന്നത് മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനങ്ങളില്‍ നിന്നാണ്. അപൂര്‍വ്വ ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന ഈ പുണ്യജലമാണ് മനുഷ്യരുടെ അശ്രദ്ധ മൂലം അശുദ്ധമാകുന്നത്. 5643 അരുവികള്‍ ചേര്‍ന്ന് ഇത് 230 ചാലുകളായി തീരുന്നു. 230 ചാലൂകള്‍ ഒന്നിച്ച് വലുതായി 55 തോടുകളായി തീരുന്നു. 55 തോടുകള്‍ പിന്നീട് യോജിച്ച് 10 ചെറിയ പുഴകളായി മാറുന്നു. ഈ പുഴകള്‍ ചേര്‍ന്നൊഴുകുമ്പോഴാണ് ചന്ദ്രഗിരിപ്പുഴ ജനിക്കുന്നത്. സര്‍വ്വെ ഓഫ് ഇന്ത്യയുടെ ടോപ്പോഗ്രാഫിക് ഭുപടത്തില്‍ ഈ അരുവികളെയെല്ലാം കാണാം. ഇതില്‍ നിന്ന് അപഗ്രഥിച്ചാണ് ശാസ്ത്രജ്ഞര്‍ പുഴയുടെ ഉത്ഭവരീതി കണ്ടെത്തുന്നത്. ഒന്നിച്ചു ചേരുന്ന അരുവികളുടെയും തോടുകളുടെയും സാന്ദ്രതയുടെ കണക്കു നോക്കുമ്പോള്‍ ചന്ദ്രഗിരിപ്പുഴ ഇവയുടെ ഗണത്തിലെ ആറാം തരത്തിലാണ് വരിക. തുളുനാടിന്റെയും കോലത്തുനാടിന്റെയും അതിര്‍ത്തിയായിരുന്ന ചന്ദ്രഗിരിപ്പുഴയുടെ അഴിമുഖം പ്രസിദ്ധമാണ്. പ്രകൃതിസുന്ദരമായ അഴിമുഖം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അരനൂറ്റാണ്ടിനിടെ പുഴയുടെയും കടലിന്റെയും ഒഴുക്കിന് അനുസരിച്ച് അഴിമുഖത്തിനും മാറ്റം വന്നതായി ശാസ്ത്രരേഖകള്‍ പറയുന്നു. മുമ്പ് തെക്ക് ഭാഗത്തായിരുന്ന അഴിമുഖം 1.2 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയതായി രേഖകളിലുണ്ട്. 1910 മുതല്‍ 1967 വരെയുള്ള കാലത്തെ ഭൂപടം അപഗ്രഥിച്ചാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 3964 ദശലക്ഷം ക്യൂബിക് മീറ്ററാണ് ചന്ദ്രഗിരിപ്പുഴയിലെ വെള്ളത്തിന്റെ അളവ്.
മഴക്കാലത്ത് തടഞ്ഞുനിര്‍ത്തി ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ പുഴയിലെ വെള്ളമെല്ലാം ഒഴുകി കടലില്‍ ചേരുകയാണ്. ഗ്രാമങ്ങളിലെയും ചെറിയ നഗരങ്ങളിലെയും ജലസേചന പദ്ധതികള്‍ക്കും കാസര്‍കോട് നഗരത്തിലെ കുടിവെള്ളത്തിനുമാണ് പുഴയെ ഉപയോഗപ്പെടുത്തുന്നത്. മനുഷ്യവിസര്‍ജ്യവും, മാലിന്യവും, രാസവസ്തുക്കളും, കീടനാശിനികളും ഈ പുഴയെയും മലിനമാക്കുന്നു. കോഴിക്കോട്ടെ ജലവിഭവ വിനിയോഗകേന്ദ്രത്തിന്റെ പഠനമനുസരിച്ച് പുഴയില്‍ പലയിടങ്ങളിലും മനുഷ്യവിസര്‍ജ്യത്തില്‍ നിന്നുള്ള ഇ-കോളി ബാക്ടീരിയകളുടെ സാന്ദ്രത കുടുതലാണ്. ചന്ദ്രഗിരി അഴിമുഖത്തിനടുത്തായി മാലിന്യം തള്ളുന്നതും പുഴയിലെ മലിനീകരണം രൂക്ഷമാക്കുന്നു. പുഴ ഒഴുകി മണല്‍ നിക്ഷേപിക്കുന്ന മഴക്കാലത്ത് ചന്ദ്രഗിരിയില്‍ പലകാലത്തും മണല്‍ വാരല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ അനധികൃത മണല്‍വാരല്‍ പലയിടത്തും സജീവമായിരുന്നു.പുഴയിലെ മണല്‍ കുറയുന്നത് സമീപ പ്രദേശങ്ങളിലെ ഭൂജലവിതാനം താഴാന്‍ ഇടയാക്കും. മാത്രമല്ല കടലില്‍ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ തള്ളിച്ചയും കൂടും. പുഴയില്‍ കൂടുതല്‍ ഉള്ളിലേക്ക് കടല്‍വെള്ളം കയറുകയും പരിസരത്തെ കിണര്‍വെള്ളത്തിന് ഉപ്പുരസമുണ്ടാവുകയും ചെയ്യും.മാലിന്യത്തില്‍ നിന്ന് പുഴയെ രക്ഷിക്കുക, മണല്‍ വാരല്‍ ഇല്ലാതാക്കുക പുഴയിലേക്കുള്ള തോടുകള്‍ മൂടാതിരിക്കുക…എന്നിവയെല്ലാം പുഴയെ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ പോകുന്ന കാലത്ത് ചന്ദ്രഗിരിയെ പുണ്യനദിയായി കണ്ട് പരിപാലിക്കേണ്ടതുണ്ട്. ഇതിന് സര്‍ക്കാരും, സന്നദ്ധസംഘടനകളും, ജനങ്ങളും ഒന്നിച്ച് ഇറങ്ങേണ്ടിയിരിക്കുന്നു.