സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം വരുന്നു

തിരുവനന്തപുരത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കും. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പങ്കാളിത്തത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. സംസ്ഥാന മന്ത്രിസഭാ യോഗം ഇതിന് അനുമതി നൽകി.

മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസർച്ച്.

സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിൻ്റെ പ്രവർത്തനത്തിനായി താൽക്കാലിക അടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ നിന്ന് വിരമിച്ച ഡോ.സാബു തോമസിനെ ആദ്യ ഡയറക്ടറായി മൂന്ന് വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി ശാസ്ത്രം, കാർഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാർന്ന ശാസ്ത്ര മേഖലകളിൽ പുതിയ ഡയഗ്നോസ്റ്റിക് ഇൻ്റർവെൻഷണൽ ടെക്നിക്കുകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു.  ഈ മേഖലയിലെ സാധ്യതകൾ ഫലപ്രദമായി വിനിയോ​ഗിക്കുന്നതിനാണ് 2022-23 ബജറ്റിൽ മൈക്രോബയോം സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഏകാരോഗ്യ വ്യവസ്ഥയിൽ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തർവൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈൻ സഹപ്രവർത്തനം, നവീന ഉത്പന്ന നിർമ്മാണം എന്നിവ ഏകോപിപ്പിക്കുവാൻ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്നോളജികളായ ഐ.ഒ ടി, എ.ടി.ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൈക്രോബയോമിൻ്റെ സ്പേഷ്യോ ടെമ്പറൽ മാപ്പിംഗ് സൃഷ്ടിക്കും.

തുടർന്നുള്ള ഗവേഷണങ്ങൾക്കും സൂക്ഷ്മാണുക്കളുടെ ഇടപെടലുകൾ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിർമ്മിക്കും. പ്രാരംഭ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തനം അവിടേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *