ഇടുക്കി മെഡി. കോളേജിൽ 104 കാരിയുടെ തിമിര ശസ്ത്രക്രിയ വിജയം
ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 104 വയസുള്ള സ്ത്രീക്ക് നടത്തിയ തിമിര ശസ്ത്രക്രിയ വിജയം. കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്കാണ് തിമിര ശസ്ത്രക്രിയ നടത്തിയത്. ഈ പ്രായത്തിൽ അപൂർവ്വമായാണ് തിമിര ശസ്ത്രക്രിയ വിജയിക്കുന്നത്. ഇടത് കണ്ണിൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി ലെൻസ് ഇട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ദേവകിയമ്മയെ ബുധനാഴ്ച്ച ഡിസ്ചാർജ് ചെയ്തു.
സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ തിമിര ശസ്ത്രക്രിയ നടത്തിയ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. രണ്ട് കണ്ണിനും കാഴ്ചക്കുറവുമായാണ് ദേവകിയമ്മ അടുത്തിടെ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയത്. പരിശോധനയിൽ ഇടത് കണ്ണിന് തിമിരം ബാധിച്ച് കാഴ്ച്ച നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രായം കൂടുതലായതിനാൽ തിമിര ശസ്ത്രക്രിയയുടെ സാധ്യതകൾ പരിശോധിച്ചു. മറ്റ് അസുഖങ്ങളൊന്നുമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.
ഞായറാഴ്ച ദേവകിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായം പരിഗണിച്ച് എല്ലാവിധ മുൻകരുതലുകളുമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. ഒഫ്ത്താൽമോളജി വിഭാഗം മേധാവി ഡോ.വി.സുധ, അസി. പ്രൊഫസർ ഡോ. ശബരീഷ്, സ്റ്റാഫ് നഴ്സ് രമ്യ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.