ബ്രഹ്‌മപുരം: പുക ശമിപ്പിക്കാന്‍ 120 അഗ്നി സുരക്ഷാ സേനാംഗങ്ങൾ

എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പുക ശമിപ്പിക്കാനായിട്ടില്ല. പുക ശമിപ്പിക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. 30 ഫയര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു യൂണിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. 120 അഗ്നിസുരക്ഷാ സേനാംഗങ്ങളാണ് പുക ശമിപ്പിക്കാനായി രംഗത്തുളളത്. കൂടാതെ കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരുമുണ്ട്.
 
നേവിയുടെ രണ്ട് ഹെലികോപ്ടറില്‍ മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലില്‍ നിന്നുള്‍പ്പടെ യന്ത്രസാമഗ്രികള്‍ ബ്രഹ്‌മപുരത്തെത്തിച്ചിട്ടുണ്ട്. മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്ത് നിന്നുയരുന്ന പുക ശമിപ്പിക്കാനാണ് ശ്രമം ഊര്‍ജിതമായി നടക്കുന്നത്. മാലിന്യം ചികഞ്ഞ് മാറ്റി ഉള്‍വശത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. മാലിന്യക്കൂമ്പാരം ചികയുന്നതിനായി ആറ് ഹിറ്റാച്ചികളാണ് ഉപയോഗിക്കുന്നത്. 
 
തീപിടിത്തമുണ്ടായ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാക്കുന്ന ഫ്‌ളഡിംഗ് രീതിയിലാണ് പുക ശമിപ്പിക്കുന്നത്. ഇതിന് കടമ്പ്രയാറില്‍ നിന്ന് ഫ്‌ളോട്ടിംഗ് ജെ. സി.ബി.യുടെ സഹായത്തോടെ വെള്ളമെടുക്കുന്നുണ്ട്. രണ്ട് ഫ്‌ളോട്ടിംഗ് ജെ.സി.ബി.കള്‍ ഉപയോഗിക്കുന്നു. ആലപ്പുഴയില്‍ നിന്നെത്തിച്ച വലിയ രണ്ട് ഡീ വാട്ടറിംഗ് പമ്പുകളും ചെറിയ പമ്പുകളും ഉപയോഗിക്കുന്നുണ്ട്. 
 

Leave a Reply

Your email address will not be published. Required fields are marked *