പക്ഷിപ്പനി: ആലപ്പുഴയിൽ കള്ളിങ്ങിന് വിധേയമാക്കിയത് 24,309 പക്ഷികളെ
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന നടപടി (കള്ളിങ്) പൂർത്തിയായി. ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 24,309 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. പുന്നപ്ര തെക്ക്, പുറക്കാട്, ചെറുതന, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലാണ് കള്ളിങ് പൂർത്തിയായത്.
പുന്നപ്ര തെക്ക് പഞ്ചായത്തിൽ 8171 പക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്. പുറക്കാട് 5813 പക്ഷികളെയും ചെറുതനയിൽ 4300 പക്ഷികളെയും, അമ്പലപ്പുഴ തെക്കിൽ 6025 പക്ഷികളെയുമാണ് കൊന്നൊടുക്കിയത്.
എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.
പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി ഡിസംബർ 29ന് അണുനശീകരണം നടത്തും.




















