സംസ്ഥാന ഭൂജല വകുപ്പിന് ആദ്യമായി വനിതാ ഡയരക്ടർ
ആൻസി ജോസഫ് ചാർജ്ജെടുത്തു.
സംസ്ഥാന ഭൂജല വകുപ്പ് ഡയരക്ടറായി നിയമിതയായ ആൻസി ജോസഫ് ചാർജ്ജെടുത്തു. വകുപ്പിൽ നിന്ന് നിയമിതയാകുന്ന ആദ്യ വനിതാ ഡയരകടറാണ് ആൻസി. തിരുവനന്തപുരത്ത് ഭൂജലവകുപ്പ് ഡയരക്ടറേറ്റിൽ സൂപ്രണ്ടിംഗ് ഹൈഡ്രോ ജിയോളജിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു.
1993 ലാണ് ഭൂജലവകുപ്പിൽ ചേർന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ ജില്ലാ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം നാട്ടകം ഗവ.കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി കുറച്ചു കാലം സംസ്ഥാന മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൽ അസി. ജിയോളജിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം പാറമ്പുഴയാണ് സ്വദേശം. കെ.എസ്.ഇ.ബി യിൽ അസി.എഞ്ചിനീയറായിരുന്ന പരേതനായ ടി.ഡി. ജോസഫിൻ്റെയും ഗ്രേസി ജോസഫിൻ്റെയും മകളാണ്. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് വിരമിച്ച കെമിസ്ട്രി വകുപ്പ് മേധാവിയും അസോ.പ്രൊഫസറുമായ
ഡോ. ഷാജി ജോസഫാണ് ഭർത്താവ്. മക്കൾ: അലിൻ ( ലക്ചറർ, ഐ.എച്ച്.ആർ.ഡി.പോളീടെക്നിക്ക്, മറ്റക്കര, ഷെയ്ൻ (എം.ബി.ബി.എസ്സ്. വിദ്യാർത്ഥി, കോട്ടയം മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: ജോസഫ് സെബാസ്റ്റ്യൻ, ടെസ്സി ജോസഫ്, കൊച്ചുറാണി ജോസഫ്.
തിരുവനന്തപുരത്തെ ഡയരക്ടറേറ്റിൽ ജീവനക്കാർ ആൻസി ജോസഫിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും ഭൂജലവകുപ്പിന് ഓഫീസുകളുണ്ട്. ഭൂജലപരിശോധന നടത്തി കുഴൽകിണർ, ഫിൽട്ടർ പോയൻ്റ് വെൽ, ട്യൂബ് വെൽ എന്നിവയ്ക്ക് സ്ഥാനം കണ്ടെത്തി ഇത് കുഴിക്കുന്നത് ഭൂജലവകുപ്പാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ ഭൂജല പദ്ധതികൾ നടപ്പാക്കുക. ലോക ബാങ്കിൻ്റെ സഹായത്തോടെയുള്ള നാഷണൽ ഹൈഡ്രോളജി പ്രോജക്ടിൻ്റെ പ്രവർത്തന മേൽനോട്ടം വഹിക്കുക, സംസ്ഥാനത്തെ ഭൂജലവിതാന പരിശോധന നടത്തി ഭൂജല വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുക. ഭൂജല പരിപോഷണം നടത്താനുള്ള പദ്ധതികൾ വിഭാവനം ചെയ്ത് പ്രാവർത്തികമാക്കുക, കിണർ കുഴിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്നിവയെല്ലാം വകുപ്പിൻ്റെ പ്രവർത്തനങ്ങളാണ്.